തുളസീ കൃഷ്ണന്റെ കാല്‍നട ഭാരത യാത്രയ്ക്ക് ആലുവയില്‍ സ്വീകരണം
Posted on: 04 Sep 2015
ആലുവ: മാനവിക മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന സന്ദേശവുമായി തുളസീ കൃഷ്ണന്റെ കാല്‍നട ഭാരതയാത്ര ആലുവയിലെത്തി.
2012 ഒക്ടോബര്‍ 24ന് കന്യാകുമാരിയില്‍ നിന്ന് തിരുവല്ല കടപ്ര ശങ്കരനിലയത്തില്‍ തുളസീ കൃഷ്ണന് കാല്‍നടയായി തുടങ്ങിയ ഭാരത പര്യടനം 20 സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് കേരളത്തിലെത്തിയത്.
അദ്വൈതാശ്രമത്തിലെത്തിയ തുളസീ കൃഷ്ണനെ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, മേല്‍ശാന്തി പി.കെ. ജയന്തന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുളസിക്ക് ഭക്ഷണവും കിടക്കാന്‍ സൗകര്യവും ഒരുക്കി.
സ്നേഹ സന്ദേശങ്ങളെഴുതിയ ബോര്‍ഡുകളാണ് യാത്രയ്ക്ക് കൂട്ട്. 2012 ഒക്ടോബറിലാണ് തുളസീ കൃഷ്ണന് പദയാത്ര തുടങ്ങിയത്. കന്യാകുമാരിയില്‍ നിന്ന് കശ്മീരില്‍ എത്താന്‍ എട്ട് മാസമെടുത്തു.
ഉത്തര്‍പ്രദേശിലെ സന്ന്യാസി സമൂഹം കണ്ണന് എന്ന ഒരു കാളയെയും കാളവണ്ടിയും നല്കി. ഒപ്പം കല്ലില്‍ തീര്‍ത്ത ഒരു ശിവലിംഗവും ഗണപതി വിഗ്രഹവും കിട്ടി. 2010ല്‍ 10 മാസം നീണ്ടുനിന്ന ഒരു യാത്ര തുളസീ കൃഷ്ണന് നടത്തിയിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള തുളസീ കൃഷ്ണന് നേരത്തെ സഹോദരങ്ങള്‍ക്കൊപ്പം കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. യാത്രയില്‍ ഭാഷ പ്രശ്നമായില്ലെന്ന് തുളസി പറയുന്നു. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളും പഠിക്കാനായി.
യാത്രക്കിടയില്‍ വഴിയാത്രക്കാര്‍ അറിഞ്ഞു നല്കുന്ന സഹായങ്ങളിലൂടെയാണ് ചെലവുകള്‍ കഴിയുന്നത്. കാസര്‍കോട് വഴി മംഗലാപുരത്തേക്കാണ് ഇനി യാത്ര.