ഇലഞ്ഞി പഞ്ചായത്ത് മന്ദിര സമുച്ചയം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
Posted on: 04 Sep 2015
കൂത്താട്ടുകുളം: ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനത്തിനായി ഇലഞ്ഞിയില്‍ നിര്‍മിച്ചിട്ടുള്ള പുതിയ മന്ദിര സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച നിര്‍വഹിക്കും. ഇലഞ്ഞി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ രാവിലെ 11.30 ന് ചേരുന്ന ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനാകും.
സാഫല്യം ഫ്ലാറ്റ് നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.എം. മാണി നിര്‍വഹിക്കും. ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിര്‍വഹിക്കും. കുടുംബശ്രീ വാര്‍ഷിക സമ്മേളനം ജോസഫ് വാഴയ്ക്കന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സ്പെഷല്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ അല്‍ഫോണ്‍സ സ്കറിയയെയും ഡിഗ്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഖില ജോണ്‍സനെയും ചടങ്ങില്‍ ആദരിക്കും.
ജീര്‍ണാവസ്ഥയിലായിരുന്ന പഴയ പഞ്ചായത്ത് കെട്ടിടം പൊളിച്ചുമാറ്റി തല്സ്ഥാനത്താണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. മന്ത്രി അനൂപ് ജേക്കബിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 27.5 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടുള്െപ്പടെ 42 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.