കോടതി ഉത്തരവ് മാനിച്ച് മദ്യഷാപ്പ് ഒഴിയണം

Posted on: 04 Sep 2015



കിഴക്കമ്പലം: കിഴക്കമ്പലത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ വക മദ്യവില്പന ശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം ഉടമയ്ക്ക് ഒഴിഞ്ഞുകൊടുക്കണമെന്ന് കോടതി ഉത്തരവായിട്ടും പാലിക്കാതെ തുറന്ന് പ്രവര്‍ത്തിക്കുന്ന നടപടി അപലപനീയമെന്ന് വിവിധ സംഘടനകള്‍ കുറ്റപ്പെടുത്തി.
ആഗസ്ത് 28ന് മുമ്പ് ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു ഉത്തരവ്. ഉടമയുടെ നേതൃത്വത്തില്‍ കരിങ്കല്ലുകെട്ടി അടച്ച ഗേറ്റ് തുറന്ന് കൊടുക്കാന്‍ ചതയദിനത്തില്‍ പോലീസ് രംഗത്തുവന്നത് ശ്രീനാരായണ ഗുരുവിനോടുള്ള അനാദരവായി കാണന്നുവെന്ന് എസ്എന്‍ഡിപി പഴങ്ങനാട് ശാഖാ പ്രസിഡന്റ് എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.
കിഴക്കമ്പലത്തെ പതിനായിരക്കണക്കിനാളുകള്‍ ഒന്നിച്ചെതിര്‍ക്കുന്ന മദ്യഷാപ്പ് ഉടന്‍ നിര്‍ത്തലാക്കണമെന്ന് മദ്യനിരോധന പ്രവര്‍ത്തകരായ ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പയും ഫാ. ജേക്കബ് മണ്ണാറപ്രായില്‍ കോറെപ്പിസ്‌കോപ്പയും ആവശ്യപ്പെട്ടു.
ഒഴിയണമെന്നാവശ്യപ്പെട്ട് ബെവ്‌കോയെ സമീപിച്ചെങ്കിലും നടപടി ഉണ്ടാകാതിരുന്നതിനെ ത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഇതേ ത്തുടര്‍ന്നാണ് മദ്യശാല നിര്‍ത്തണമെന്ന ആവശ്യവുമായി കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മായ ട്വന്റി- 20യും പ്രതിഷേധം സംഘടിപ്പിച്ചത്. കിഴക്കമ്പലം പഞ്ചായത്തില്‍ ആയിരക്കണക്കിനാളുകള്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.
പ്രതിഷേധ യോഗം ശ്രേഷ്ഠകാതോലിക്ക മാര്‍ ബസേലിയോസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ ഇഷ്ടപ്പെടാത്തതും കോടതി അനുവദിക്കാത്തതുമായ മദ്യശാല ഉടന്‍ നിര്‍ത്തുന്നതിന് സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ശ്രേഷ്ഠബാവ ആവശ്യപ്പെട്ടു. എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷനായി. എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് കെഎസ്എം ഷാജഹാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പ , ഫാ. റോയി കിഴക്കേക്കര, ഫാ. തോമസ് തറയില്‍ എന്നിവര്‍ സംസാരിച്ചു.
മദ്യശാല മാറ്റുന്നതുവരെ ധര്‍ണ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ട്വന്റി-20 ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Ernakulam