സീറോ ലാന്‍ഡ്ലെസ് പദ്ധതി സജീവമാക്കിയത് ഭൂസമര പോരാളികള്‍
Posted on: 04 Sep 2015
കിഴക്കമ്പലം: എല്ലാവരും അവഗണിക്കുമായിരുന്ന സീറോ ലാന്‍ഡ്ലെസ് പദ്ധതി സജീവമാക്കി നിലനിര്‍ത്തിയത് വെല്‍ഫെയര്‍ പാര്‍ട്ടിയാണെന്നും പാര്‍ട്ടി മുഖേന ജില്ലയില്‍ 1750 പേര്‍ക്ക് പട്ടയം വാങ്ങി നല്കാന് കഴിഞ്ഞതായും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേമ ജി. പിഷാരടി. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലവുമായുള്ള ചര്‍ച്ചയില്‍ ഡിസംബറില്‍ എല്ലാവര്ക്കും ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു.
കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരംഗമുള്ള വാര്‍ഡില്‍ പോലും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള് പൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായെന്നും അവര്‍ പറഞ്ഞു. കിഴക്കമ്പലം വ്യാപാര ഭവന് ഹാളില്‍ നടന്ന പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിറാജുദ്ദീന് അധ്യക്ഷത വഹിച്ചു. കുന്നത്തുനാട് മണ്ഡലം കണ്‍വീനര്‍ ടി.പി. യൂസഫലി പ്രഭാഷണം നടത്തി. ഇലക്ഷന് കമ്മിറ്റി കണ്‍വീനര്‍ ഹാഷിം സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.എം. മുസ്തഫ നന്ദിയും പറഞ്ഞു.