ബോണസ് വിതരണത്തെ ചൊല്ലി ലോട്ടറി ക്ഷേമനിധി ഓഫീസില്‍ സംഘര്‍ഷം
Posted on: 04 Sep 2015
കൊച്ചി: ബോണസ് വിതരണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം എറണാകുളം ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ഓഫീസിലെത്തിയ ലോട്ടറി തൊഴിലാളികള്‍ക്ക് ബോണസ് നല്കാന് അധികൃതര്‍ക്കായില്ല. പതിനൊന്നായിട്ടും ബോണസ് വിതരണം ചെയ്യാതിരുന്നതോടെ തൊഴിലാളികള്‍ ക്ഷേമനിധി ഓഫീസിനു മുന്നില്‍ കുത്തിയിരിക്കുകയും ക്ഷേമനിധി ഓഫീസറെ ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് പത്ത് ലക്ഷം രൂപ എത്തിച്ച് 250 പേര്‍ക്ക് ബോണസ് നല്കി. മറ്റുള്ളവര്‍ക്ക് നല്കാന് പണമില്ലെന്നും അറിയിച്ചു.
ബോണസ് നല്‍കാതെ തൊഴിലാളികളെ കബളിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച 11ന് ലോട്ടറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തൊഴിലാളികള്‍ ഉപരോധിക്കും.
ജില്ലയില്‍ 3454 പേരാണ് ബോണസിന് അര്‍ഹരായുള്ളത്. വ്യാഴാഴ്ച വരെ ബോണസ് കിട്ടിയത് 1617 പേര്‍ക്കാണ്.
സിഐടിയു, എഐടിയുസി യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു കുത്തിയിരിപ്പ് സമരം. സമരത്തിന് പി.എം. ജമാല്‍, എസ്. അഫ്സല്, ബാബു കടമക്കുടി, എ.ജി. പീറ്റര്‍, സി. ആര്. പീറ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.