സോളാര്‍: സബ്സിഡി ആവശ്യപ്പെട്ട് സരിത സമീപിച്ചിരുന്നുവെന്ന് അനെര്‍ട്ട് മുന്‍ ഡയറക്ടര്‍
Posted on: 04 Sep 2015
കൊച്ചി: വീടുകളില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിച്ചതിന് സബ്സിഡി ആവശ്യപ്പെട്ട് സരിതയുടെ ടീം സോളര്‍ കമ്പനി അനെര്‍ട്ടിന് അപേക്ഷ നല്‍കിയിരുന്നുവെന്ന് അനെര്‍ട്ട് മുന്‍ ഡയറക്ടറും റൂട്രോണിക്സ് എം.ഡി.യുമായ പ്രൊഫ. എം.വി. സുഗതകുമാര്‍. സൗരോര്‍ജവുമായി ബന്ധപ്പെട്ട് അനെര്‍ട്ട് ഏറ്റെടുത്തിരുന്ന വിവിധ പദ്ധതികളെപ്പറ്റി സംസാരിക്കുന്നതിന് സരിത എസ്. നായര്‍ തന്നെ വന്നു കണ്ടിട്ടുണ്ടെന്നും സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന് കമ്മീഷനു മുന്നില്‍ സുഗതകുമാര്‍ മൊഴി നല്കി.
താന്‍ ഡയറക്ടറായിരുന്നപ്പോള്‍ സര്‍ക്കാറിനു മുന്നില്‍ നവ-പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നു. റൂഫ് ടോപ് സോളാര്‍ പാനലും അതില്‍ പെടും. ഇത്തരം പദ്ധതികളെക്കുറിച്ച് സംസാരിക്കാനാണ് ഒരിക്കല്‍ സരിത തന്നെ കണ്ടത്. അന്ന് സോളാര്‍ എനര്‍ജിയുമായി ബന്ധപ്പെട്ട് ടീം സോളാര്‍ കമ്പനി ചെയ്യുന്ന പദ്ധതികളെക്കുറിച്ച് സരിത വളരെ വിശദമായി സംസാരിച്ചുവെന്നും സുഗതകുമാര്‍ പറഞ്ഞു.
സബ്സിഡിക്കായി സരിത നല്കിയ അപേക്ഷ തള്ളിയത് 2012 ഫിബ്രവരിയിലാണ്. 2012 മാര്‍ച്ചില്‍ അനെര്‍ട്ട് മസ്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറില്‍ ടീം സോളാര്‍ കമ്പനിക്ക് രണ്ട് സ്റ്റാളുകള്‍ അനുവദിച്ചിരുന്നു. ഇതിന് ടീം സോളാര്‍ കമ്പനി അപേക്ഷ നല്‍കിയിരുന്നു. സരിത സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു. അന്നത്തെ ഉദ്ഘാടനച്ചടങ്ങിന്റെ മുഴുവന്‍ ദൃശ്യങ്ങളും വീഡിയോയില്‍ പകര്‍ത്തിയിരുന്നുവെന്നും സുഗതകുമാര്‍ മൊഴി നല്കി.