ഹജ്ജ്: 340 പേര് കൂടി യാത്രയായി കേരളത്തിന് 150 സീറ്റുകള്‍ കൂടി ലഭിക്കും
Posted on: 04 Sep 2015
കൊച്ചി: കേരളത്തില്‍ നിന്നുളള ഹജ്ജ് യാത്രയുടെ രണ്ടാം ദിനത്തില്‍ 340 പേര് കൂടി തീര്‍ത്ഥാടകരായി വിശുദ്ധ ഭൂമിയിലേക്ക് പറന്നു. ഒരു വളന്റിയറടക്കം 170 പുരുഷന്മാരും 170 സ്ത്രീകളുമാണ് രണ്ടാം ദിനത്തില്‍ മക്കയിലേക്ക് യാത്രയായത്. വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുവന്ന ഹജ്ജ് സീറ്റുകള്‍ പങ്കുവെച്ചതില്‍ കേരളത്തിന് 150 സീറ്റുകള്‍ കൂടി ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വിസയടക്കമുള്ള യാത്രാരേഖകള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീവ്ര ശ്രമത്തിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് രണ്ടാമത്തെ സംഘം യാത്രയായത്. 340 പേരില്‍ 102 പേര് മലപ്പുറത്തുനിന്നുള്ളവരാണ്. കോഴിക്കോട്ടു നിന്നുള്ള 99 പേരും രണ്ടാം സംഘത്തിലുണ്ട്.
1001 സീറ്റുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഒഴിവു വന്നിരിക്കുന്നത്. ഇതില്‍ 150 എണ്ണമാണ് കേരളത്തിന് ലഭിക്കുന്നത്. വെയ്റ്റിങ് ലിസ്റ്റ് നമ്പര്‍ 431 മുതല്‍ 597 വരെയുള്ളവര്‍ക്കാണ് കേരളത്തില്‍ നിന്ന് അവസരം ലഭിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്. 194 സീറ്റുകള്‍ അധികമായി മഹാരാഷ്ട്രയ്ക്ക് ലഭിച്ചപ്പോള്‍ കര്‍ണാടകയ്ക്ക് 125-ഉം രാജസ്ഥാന് 92-ഉം സീറ്റുകള്‍ ലഭിച്ചു. കേരള ഹജ്ജ് കമ്മിറ്റി മുഖേന യാത്രയാകുന്ന ലക്ഷദ്വീപിന് ഒഴിവുവന്നതില്‍ നാല് സീറ്റുകളാണ് ലഭിക്കുന്നത്.
കേരളത്തിലെ വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഹജ്ജിന് അവസരം ലഭിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ബാപ്പു മുസ്ലിയാര് പറഞ്ഞു. സൗദിയിലെ ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് ഹജ്ജ് വിസ അടിച്ചുകിട്ടിയാല്‍ മാത്രമേ ഇവര്‍ക്ക് മക്കയിലേക്ക് പോകാനാകൂ. ഇതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.