പണ്ടപ്പിള്ളിക്ക് ജില്ലയിലെ മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള അവാര്‍ഡ്
Posted on: 04 Sep 2015
മൂവാറ്റുപുഴ: ജില്ലയിലെ മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള അവാര്‍ഡ് ഇക്കുറിയും പണ്ടപ്പിള്ളിക്ക്. കാഷ് അവാര്‍ഡും ട്രോഫിയും മില്‍മ ചെയര്മാന് ബാലന് മാസ്റ്ററില്‍ നിന്ന് സംഘം പ്രസിഡന്റ് എബ്രഹാം ചേലപ്പുഴയും സെക്രട്ടറി പി.എസ്. ജോര്‍ജും ചേര്‍ന്ന് ഏറ്റുവാങ്ങി.
2000 ലിറ്റര്‍ പാല് സംഭരിക്കുന്നതിനുള്ള ശീതീകരണ പ്ലാന്റ് സംഘത്തിനുണ്ട്. പ്രതിദിനം 1000 ലിറ്റര്‍ പാല് കര്‍ഷകരില്‍ നിന്ന് ഇവിടെ സംഭരിക്കുന്നുണ്ട്. മില്‍മ നല്കുന്ന വിലയേക്കാള്‍ 50 പൈസ ഒരു ലിറ്ററിന് കൂടുതല്‍ കര്‍ഷകര്‍ക്ക് നല്കുന്ന സംഘമാണിത്. 31 രൂപ ശരാശരി വില നല്കാന് സാധിക്കുന്ന സംഘം എന്ന നിലയ്ക്കും പണ്ടപ്പിള്ളിക്ക് പ്രത്യേക പരിഗണനയുണ്ട്. കാലിത്തീറ്റ വില കുറച്ചു കൊടുത്തും കര്‍ഷകരെ സഹായിക്കുന്നു. 160 പേര് പാല് അളക്കുന്നുണ്ട്. 635 അംഗങ്ങളുള്ള സംഘമാണിത്.
ക്ഷീരവികസന വകുപ്പില്‍ നിന്ന് ലഭിച്ച 5.25 ലക്ഷം രൂപയും സംഘത്തിന്റെ ഏഴ് ലക്ഷവും ചേര്‍ത്ത് ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മിച്ചതാണ് മറ്റൊരു നേട്ടം. ഇന്‍ഫര്‍മേഷന്‍ കിയോസ്കും ആധുനിക ലാബും ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെ നിര്‍മിച്ചു.
ഇതുവരെ 17 പുരസ്കാരങ്ങള്‍ സംഘത്തിന് നേടാന്‍ കഴിഞ്ഞതായി പ്രസിഡന്റും മുന്‍ അദ്ധ്യാപകനുമായ എബ്രഹാം ചേലപ്പുഴ പറഞ്ഞു. 2010 ല്‍ ജില്ലാ ബാങ്കിന്റെയും 2006 ലും 2012 ലും 2015 ലും മികച്ച സംഘത്തിനുള്ള പുരസ്കാരം ലഭിച്ചു. ക്ഷീര വകുപ്പിന്റെ പുരസ്കാരം 2009 ലും ലഭിച്ചിട്ടുണ്ട്.