ഓണക്കൂറില്‍ യജ്ഞശാലയില്‍ രുക്മിണീസ്വയംവരം, സപ്താഹം നാളെ സമാപിക്കും
Posted on: 04 Sep 2015
പിറവം: ഓണക്കൂര്‍ ദേവി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ അഞ്ചാം ദിവസമായ വ്യാഴാഴ്ച ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ രുക്മിണീ സ്വയംവരം കൊണ്ടാടി. രുക്മിണിയായി അണിഞ്ഞൊരുങ്ങിയ പെണ്‍കുട്ടി താലപ്പൊലിയുടെ അകമ്പടിയോടെ ലക്ഷ്മീദേവിയുടെ വിഗ്രഹം യജ്ഞശാലയിലേക്ക് എഴുന്നള്ളിച്ചു.
യജ്ഞവേദിയില്‍ ശ്രീകൃഷ്ണ വിഗ്രഹത്തിന് സമീപം ലക്ഷ്മീദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച ശേഷം ആചാര്യന് മുളക്കുളം എന്‍.ബി. രമേശന് സ്വയംവര ഭാഗങ്ങള്‍ പാരായണം ചെയ്തു. സഹാചാര്യന്മാരായ മുളക്കുളം രാജശേഖരന്, ജയകൃഷ്ണ ശാസ്ത്രികള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
വൈകീട്ട് നടന്ന സര്‍വ്വൈശ്വര്യ പൂജയില്‍ ഒട്ടേറെ ഭക്തര്‍ പങ്കെടുത്തു. സപ്താഹ യജ്ഞത്തിന്റെ ആറാം ദിവസമായ വെള്ളിയാഴ്ച കുചേലഗതി, ഹംസാവതാരം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്യും. ശ്രീകൃഷ്ണ ജയന്തിയായ ശനിയാഴ്ച ഉച്ചയ്ക്ക് യജ്ഞം സമാപിക്കും. കണ്ണന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 4 ന് ഓണക്കൂര്‍ കളരിക്കല്‍ പരദേവതാ ക്ഷേത്രത്തില്‍ നിന്ന് ശോഭായാത്ര, വിശേഷാല്‍ ദീപാരാധന, രാത്രി 8.30 ന് കുറിച്ചിത്താനം ജയകുമാറിന്റെ ഓട്ടന്തുള്ളല്, 10.30 ന് ശ്രീകൃഷ്ണന് അഷ്ടാഭിഷേകം എന്നിവയുണ്ട്.