ഭര്‍ത്താവിന് ദേഹാസ്വാസ്ഥ്യം: ദമ്പതിമാരുടെ ഹജ്ജ്് യാത്ര മുടങ്ങി
Posted on: 04 Sep 2015
നെടുമ്പാശ്ശേരി: വ്യാഴാഴ്ച യാത്ര പുറപ്പെടേണ്ടിയിരുന്ന രണ്ട് ഹജ്ജ് തീര്‍ഥാടകരുടെ യാത്ര മുടങ്ങി. കോഴിക്കോട് സ്വദേശികളായ ദമ്പതിമാരുടെ യാത്രയാണ് മുടങ്ങിയത്. നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്രയാകാന്‍ ഇവര്‍ ബുധനാഴ്ച ഉച്ചയോടെ തന്നെ ഹജ്ജ് ക്യാമ്പില്‍ എത്തിയിരുന്നു. എന്നാല്‍ രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതിനാലാണ് യാത്ര മുടങ്ങിയത്. ഭര്‍ത്താവിന്റെ യാത്ര മുടങ്ങിയാല്‍ സ്വാഭാവികമായും ഭാര്യക്കും യാത്ര ചെയ്യാനാവില്ല. സ്ത്രീകളോടൊപ്പം ഭര്‍ത്താവോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കളില്‍ ആരെങ്കിലുമോ കൂടെയുണ്ടെങ്കില്‍ മാത്രമേ യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളൂ. ഇക്കാരണത്താലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തിയുടെ ഭാര്യയുടെ യാത്രയും മുടങ്ങിയത്. കോഴിക്കോട് സ്വദേശി ഉമ്മറി (72) നാ ണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ അടുത്ത ദിവസങ്ങളില്‍ പുറപ്പെടുന്ന ഏതെങ്കിലും വിമാനത്തില്‍ ഇവരെ യാത്രയാക്കും. ഇവര്‍ക്ക് പകരം കാസര്‍കോട് സ്വദേശികളായ ഇസ്മയില്‍ (70), ഭാര്യ ഹവ്വാബീവി (56) എന്നിവരെ ഹജ്ജിനായി അയച്ചു.