ലൈറ്റ് മെട്രോയ്ക്ക് തടസ്സങ്ങളില്ല, അവ്യക്തത ഉണ്ടെങ്കില്‍ തിരുത്തും: മുഖ്യമന്ത്രി

Posted on: 04 Sep 2015നെടുമ്പാശ്ശേരി: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തതകളുണ്ടെങ്കില്‍ തിരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സമയബന്ധിതമായി ഏറ്റവും വേഗത്തില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കും. കൊച്ചി േെമട്രായുടെ അതേ മാതൃക തന്നെയായിരിക്കും പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സ്വീകരിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ള കത്തില്‍ കുറച്ചുകുടി വ്യക്തത വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മെട്രോ പദ്ധതിയുടെ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കും. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കത്ത് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത മന്ത്രിസഭാ യോഗത്തില്‍ അതിനായുള്ള നടപടികള്‍ കൈക്കൊള്ളും. പദ്ധതിയില്‍ തടസ്സങ്ങളില്ലെന്നും ലൈറ്റ് മെട്രോ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെടുമ്പാശ്ശേരിയില്‍ കൊച്ചി മെട്രോ അവലോകന യോഗത്തിനു ശേഷം ഇ. ശ്രീധരനുമായി മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രത്തിന് നല്‍കിയിട്ടുള്ള കത്ത്്് ശരിയായ രീതിയിലുള്ളതല്ലെന്നും അത് മാറ്റണമെന്നും യോഗത്തില്‍ ഇ. ശ്രീധരന്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

More Citizen News - Ernakulam