കൊച്ചി കാന്‍സര്‍ സെന്റര്‍ കേസ് നവംബര്‍ 6 ന് മനുഷ്യാവകാശ കമ്മീഷന് പരിഗണിക്കും
Posted on: 04 Sep 2015
കൊച്ചി : കൊച്ചി കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരിഗണനയിലിരിക്കുന്ന കേസ് നവംബര്‍ 6 ന് പരിഗണിക്കും. കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയാണ് കേസ് പരിഗണിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള ഭൂമി ഏറ്റെടുക്കാന്‍ കമ്മീഷന് കഴിഞ്ഞ സിറ്റിങ്ങില്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കമ്മീഷന്റെ ഇടപെടലിന്റെ ഫലമായാണ് സെന്ററിന് ഭരണാനുമതി നല്കാന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കിയശേഷം മുഖ്യമന്ത്രി തറക്കല്ലിട്ട കൊച്ചി കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം തുടങ്ങാന്‍ വിമുഖത കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദേശിച്ചിരുന്നു.
കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യം, ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ ഫൗണ്ടേഷന് തുടങ്ങിയവരാണ് പരാതി സമര്‍പ്പിച്ചത്.