വൈറ്റിലയില്‍ അപകടത്തില്‍ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകള്‍
Posted on: 03 Sep 2015
തൃപ്പൂണിത്തുറ: രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് വൈറ്റിലയില്‍ ടോറസ് അപകടത്തില്‍ പൊലിഞ്ഞത്.
അപകടത്തില്‍ മരിച്ച എരൂര്‍ മാരംകുളങ്ങരയിലുള്ള കൈലാസും വിഷ്ണുവും ഉറ്റകൂട്ടുകാരായിരുന്നു. ഒരുമിച്ച് വൈറ്റിലയില്‍ സിനിമ കണ്ടശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ടോറസ് ഈ യുവാക്കളെ ഇടിച്ചു തെറിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി 10.15 നായിരുന്നു അപകടം.
എരൂര്‍ മാരംകുളങ്ങര വെലിക്കുളം പത്താറയില് പി.ജി. സന്തോഷിന്റേയും നിഷയുടേയും ഏക മകനാണ് മരിച്ച കൈലാസ്. എറണാകളം സെന്റ് ആല്‍ബര്‍ട്സ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. തൊട്ട് സമീപത്ത് മാരംകുളങ്ങരയില് വിജയന്റേയും അനിതയുടേയും രണ്ട് ആണ്മക്കളില് മൂത്തയാളാണ് വിഷ്ണു. എരൂര്‍ മാത്തൂരിനു സമീപം റെയില്‍പ്പാളത്തിന് അപ്പുറവും ഇപ്പുറവുമായിട്ടാണ് ഇരുവരുടേയും വീട്. നിര്‍ധന കുടുംബങ്ങളാണ്.
കൈലാസിന്റേയും വിഷ്ണുവിന്റേയും അപകടമരണം വീട്ടുകാര്‍ക്ക് താങ്ങാനാവാത്ത ദുഃഖമായി. ചെവ്വാഴ്ച രാത്രി 10.15ന് മൊബൈല്‍ ഫോണില്‍ മകനെ വിളിച്ചപ്പോള്‍ 'സിനിമ കഴിഞ്ഞു. ഞങ്ങള്‍ വരികയാണ്' എന്ന് പറഞ്ഞിരുന്നതാണ്. 10.45ന് വീണ്ടും വിളിച്ചപ്പോള്‍ ബെല്ലടിക്കുന്നല്ലാതെ എടുത്തില്ല. 11ന് അതേ ഫോണില്‍ നിന്ന് എന്റെ ഫോണിലേക്ക് ആസ്പത്രിയില്‍ നിന്നാണ് വിളിച്ചതെന്ന് കൈലാസിന്റെ അച്ഛന് സന്തോഷ് വേദനയോടെ പറഞ്ഞു. 'വണ്ടിമുട്ടി' എന്നാണ് ആസ്പത്രിയില്‍ വച്ച് മകന് പറഞ്ഞത്. പരിക്കിന്റെ ഗുരുതരാവസ്ഥ അറിയില്ലായിരുന്നു.
തൃപ്പൂണിത്തുറയില്‍ ട്യൂട്ടോറിയല്‍ കോളേജില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് വിഷ്ണു. അച്ഛന് വിജയന് പെയിന്റിങ് പണിക്കാരനാണ്. അമ്മ അനിതയും ഒരു കടയില്‍ പണിക്ക് പോകുന്നുണ്ട്. സഹോദരന് വൈശാഖ് പ്ലസ്വണ് വിദ്യാര്‍ത്ഥിയാണ്. വാടക വീട്ടിലാണ് താമസം.
സിനിമ കഴിഞ്ഞ് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കൈലാസിന്റേയും വിഷ്ണുവിന്റേയും ഭാഗത്തേക്ക് ടോറസ് തെന്നി പോകുന്നത് കണ്ട് പിറകേ വന്ന ഓട്ടോക്കാരന് തടയാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിനകം ടോറസ് രണ്ട് പേരെയും ഇടിച്ചു തെറിപ്പിച്ചുവെന്ന് കൈലാസിന്റെ മാമന് സജിത് പറഞ്ഞു. ഈ ഓട്ടോക്കാരന് വണ്ടി വട്ടംവച്ചാണ് ടോറസ് നിര്‍ത്തിച്ചത്. ഓട്ടോക്കാരനാണ് ഇരുവരേയും എറണാകുളം മെഡിക്കല്‍ സെന്ററിലെത്തിച്ചത്. ടോറസ് ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു.