വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച; മൈസൂര്‍ സ്വദേശി അറസ്റ്റില്‍
Posted on: 03 Sep 2015
തൃപ്പൂണിത്തുറ: വീടുകളുടെ അടുക്കളവാതില്‍ ഇടിച്ചുതകര്‍ത്ത് വീട്ടുകാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയിരുന്ന മൈസൂര്‍ സ്വദേശി അറസ്റ്റില്‍. ഗുണ്ടല്‍പേട്ട് റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന ബാബുരാജി (58) നെയാണ് ചിത്രപ്പുഴ കൊല്ലംപടി ഭാഗത്ത് നടത്തിയ കവര്‍ച്ച കേസില്‍ തൃപ്പൂണിത്തുറ സി.ഐ. ബൈജു പൗലോസ്, എസ്.ഐ. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് അര്‍ധരാത്രി കഴിഞ്ഞ് വാഴക്കാലയില്‍ വിനു വര്‍ഗീസിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് മൊബൈല്‍ ഫോണും 150 രൂപയും എടുത്ത ബാബുരാജ് തൊട്ടുസമീപത്തെ കിങ്ങിണിമറ്റം തങ്കപ്പന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി തങ്കപ്പന്റെ ഭാര്യ ലീലയുടെ നാല് പവന് മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞതായും പോലീസ് പറഞ്ഞു. ഈ സംഭവത്തോടെ ഈ പ്രദേശത്ത് ആളുകള്‍ ഭീതിയിലായിരുന്നു. ഏതാനും വര്‍ഷം മുമ്പ് തൃപ്പൂണിത്തുറയിലും സമീപപ്രദേശങ്ങളിലും തമിഴ് കവര്‍ച്ചസംഘം രാത്രിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയിരുന്നത് പതിവായിരുന്നു. അസി. കമ്മീഷണര്‍ ബിജോ അലക്സാണ്ടറുടെ നേതൃത്വത്തിലാണ് അന്ന് കവര്‍ച്ച സംഘത്തെ പോലീസ് പിടികൂടിയത്. ആദ്യ വീട്ടില്‍നിന്ന് കവര്‍ന്ന മൊബൈല്‍ ഫോണ്‍ തെളിച്ചാണ് ബാബുരാജ് തങ്കപ്പന്റെ വീട്ടില്‍ കടന്നത്. വാതില്‍ പൊളിച്ച ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നിരുന്നു. കവര്‍ച്ചക്കാരനെ കാണുകയും ചെയ്തു. പിടികൂടിയ ഇയാളെ പോലീസ് തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ വീട്ടുകാര്‍ ആളെ തിരിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ.മാരായ കെ.എസ്. പ്രദീപ്കുമാര്‍, ജി. രാധാകൃഷ്ണന്, എ.എസ്.ഐ. കെ.വി. ദിനേശന്, സീനിയര്‍ സി.പി.ഒ.മാരായ ജേക്കബ് ജോണ്‍, രാജീവ് എന്നിവരും അറസ്റ്റ് ചെയ്യാനുണ്ടായിരുന്നു.