ആലങ്ങാട് കഞ്ചാവ് കച്ചവടം തകൃതി; പിന്നാലെ എക്സൈസും
Posted on: 03 Sep 2015
കരുമാല്ലൂര്‍: വരാപ്പുഴ എക്സൈസ് റേഞ്ച് പരിധിയില്‍വരുന്ന ആലങ്ങാട്, കടുങ്ങല്ലൂര്‍ പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പന കൂടി. വില്‍പ്പനക്കാരെ പിടികൂടാന്‍ എക്സൈസ് പിന്നാലെയുണ്ടെങ്കിലും പുതുതന്ത്രങ്ങളിലൂടെ കച്ചവടക്കാര്‍ രക്ഷപ്പെടുകയാണ്.
നിയമത്തിലെ ന്യൂനതയും അവര്‍ക്ക് രക്ഷപ്പെടാന്‍ പാതയൊരുക്കുകയാണ്. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് വരാപ്പുഴ എക്സൈസ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പത്ത് കേസുകളെടുത്തു. എന്നാല്‍ പൂര്‍വാധികം ശക്തിയോടെയാണ് കഞ്ചാവ് മാഫിയ വില്‍പ്പന തുടരുന്നത്.
വിദ്യാലയങ്ങളും അന്യസംസ്ഥാനക്കാരുടെ ക്യാമ്പുകളും കേന്ദ്രീകരിച്ചാണ് കൂടുതല്‍ വില്‍പ്പന. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്ക്കാന് വന്ന രണ്ടുപേരെ എക്സൈസ് പിടികൂടി. നീറിക്കോട് സ്വദേശി അഖില്‍, വരാപ്പുഴ സ്വദേശി ഷെമീര്‍ എന്നിവരാണ് പിടിയിലായത്.
പ്രദേശത്തെ വിദ്യാര്‍ത്ഥികളായ ചിലര്‍ക്ക്
ആഡംബര ബൈക്കുകളില്‍ കറങ്ങിനടന്നാണ് ഇവര്‍ കഞ്ചാവ് വിറ്റിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് ബൈക്ക് വാഗ്ദാനം നല്‍കിയും മറ്റും കഞ്ചാവിന്റെ വാഹകരാക്കി മാറ്റാറുണ്ടെന്ന് ഇവര്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്സൈസ് പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
റേഞ്ച് ഇന്‍സ്പെക്ടര്‍ പി. കൃഷ്ണന് നായരുടെ നേതൃത്വത്തില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. കഞ്ചാവിന്റെ അളവ് നൂറ് ഗ്രാമില്‍ താഴെയായതിനാല്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചു. ഇങ്ങനെ ജാമ്യം ലഭിക്കുന്നതിനാല്‍ അവര്‍ വീണ്ടും വില്‍പ്പനയുമായി രംഗത്തെത്തുന്നു.
കുട്ടികളെ വാഹകരായി ഉപയോഗപ്പെടുത്തുന്നതും ഒരു തന്ത്രമാണ്. കുട്ടികള്‍ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ പലപ്പോഴും താക്കീത് നല്കി വിട്ടയക്കാറാണ് പതിവ്. അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മാഫിയയ്ക്ക് രക്ഷപ്പെടാനാകും. വാഹനപരിശോധനയിലൂടെ മാത്രമേ പ്രശ്നക്കാരെ കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്നതിനാല്‍ അത്തരത്തിലുള്ള നീക്കത്തിലാണ് എക്സൈസിപ്പോള്.