അസം സ്വദേശിനിയെ തീവണ്ടി യാത്രയ്ക്കിടെ മാനഭംഗപ്പെടുത്താന്‍ ശ്രമം

Posted on: 03 Sep 2015കൊച്ചി : അസം സ്വദേശിനിയായ യുവതിയെ ട്രെയിന്‍യാത്രയ്ക്കിടെ കൂട്ടമാനഭംഗപ്പെടുത്താന്‍ ശ്രമം. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ എറണാകുളത്തേക്ക് വരികയായിരുന്ന ദിബ്രുഗഡ് - തിരുവനന്തപുരം വിവേക് എക്‌സ്​പ്രസിലാണ് സംഭവം. ആലുവയിലെ ഒരു ടെക്‌സ്‌റ്റൈല്‍സ് കമ്പനിയില്‍ ജോലിതേടിവന്ന ദിബ്രുഗഡിലെ ഗഥിപഥ് സ്വദേശിനിയായ 23 കാരിയാണ് പീഡനശ്രമത്തിന് ഇരയായത്. ട്രെയിന്‍ ആലുവയില്‍ എത്തുന്നതിനു മുന്‍പ് കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന നാല് അസം സ്വദേശികള്‍ ചേര്‍ന്ന് ഇവരെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതിയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയും ബഹളംവെയ്ക്കുകയും ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ യുവതി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയുമായിരുന്നു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് എറണാകുളം റെയില്‍വേ പോലീസ് ആസ്​പത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. അസമില്‍ നിന്ന് തീവണ്ടിയില്‍ കയറിയ യുവാക്കളാണ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് യുവതി റെയില്‍വേ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയെ പിന്നീട് സ്‌നേഹഭവനില്‍ എത്തിച്ചു. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More Citizen News - Ernakulam