പണിമുടക്ക് ദിവസവും കുണ്ടന്നൂര്‍ ടോളില്‍ വാഹനങ്ങള്‍ക്ക് 'കുരുക്ക്'

Posted on: 03 Sep 2015മരട്: പൊതുപണിമുടക്ക് ദിവസവും കുണ്ടന്നൂര്‍ ടോള്‍ ബൂത്തില്‍ വാഹനങ്ങള്‍ക്ക് കുരുക്ക്.
കുണ്ടന്നൂര്‍-തേവര പാലത്തില്‍ യാത്രചെയ്യുന്നതിന് വാഹനങ്ങളുടെ ചുങ്കം പിരിക്കുന്ന കുണ്ടന്നൂര്‍ ജംഗ്ഷനിലെ ടോള്‍ പ്ലാസയിലാണ് വാഹനയാത്രികര്‍ കുരുക്കില്‍പ്പെട്ട് വീര്‍പ്പുമുട്ടിയത്.
പൊതുപണിമുടക്കായതിനാല്‍ സാധാരണ ദിവസത്തെ അപേക്ഷിച്ച് ഏതാനും ചില വാഹനങ്ങള്‍ മാത്രമാണ് ടോള്‍ പ്ലാസയിലൂടെ കടന്നുപോയത്. എന്നിട്ടുകൂടി വാഹനയാത്രികര്‍ക്ക് വളരെയധികം സമയം ടോള്‍ ഇടനാഴിയിലെ കുരുക്കില്‍ കാത്തുകിടക്കേണ്ടതായി വന്നു. ഇത് വാഹനയാത്രക്കരുടെ പ്രതിഷേധത്തിനിടയാക്കി. ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാതെ ടോള്‍ പിരിവ് നടത്തിയതാണ് ഇതിനു കാരണം. ഇരുവശങ്ങളിലേക്കുമായി രണ്ട് റോഡുകള്‍ വീതമുണ്ട്. എന്നാല്‍, ഇരുവശത്തേക്കുമുള്ള ഓരോ റോഡുകള്‍ വീപ്പകയറ്റിവെച്ച് അടച്ചിരിക്കുകയാണ്. കൂടാതെ രണ്ട് റോഡുകളിലും വാഹനങ്ങളുടെ അടിഭാഗം ഇടിക്കത്തക്കവിധം അശാസ്ത്രീയ ഹമ്പുകളും നിര്‍മിച്ചിട്ടുണ്ട്. ഇതും യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി.
കൊച്ചി കേന്ദ്രമാക്കിയുള്ള ഒരു സ്വകാര്യ കമ്പനിയാണ് ഇവിടെ ടോള്‍ പിരിക്കുന്നത്. ടോള്‍ പിരിവല്ലാതെ യഥാസമയം ചെയ്യേണ്ട റോഡിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ല. വാഹനയാത്രികരില്‍ നിന്ന് ടോള്‍ പിരിക്കുന്നതിനു മുമ്പ് ഒരുക്കേണ്ടതായ യാതൊരുവിധ സൗകര്യങ്ങളും ഒരുക്കാതെയാണ് ടോള്‍ പിരിക്കുന്നതെന്ന് പരാതിയുണ്ട്. മൂന്ന് സെക്കന്റുകള്‍ക്കകം ടോള്‍ പിരിച്ച് വാഹനത്തെ കടത്തിവിടണമെന്നാണ് ദേശീയപാത അതോറിട്ടിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഇവിടെ പണപ്പിരിവ് നടത്തുന്നത്. മാത്രമല്ല ചില്ലറ കൈവശമില്ലാത്ത യാത്രക്കാരെ ടോള്‍ ജീവനക്കാര്‍ ബുദ്ധിമുട്ടിക്കുകയും ചോദ്യം ചെയ്താല്‍ അസഭ്യം പറയുന്നതായും യാത്രക്കാര്‍ പറയുന്നു. കുണ്ടന്നൂരിലെ അശാസ്ത്രീയ ടോള്‍ പിരിവിനെതിരെ പ്രതിഷേധ സമരങ്ങള്‍ക്കൊരുങ്ങുകയാണെന്ന് പാസഞ്ചേഴ്‌സ് ഫോറം കുണ്ടന്നൂര്‍-മരട് യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു.

More Citizen News - Ernakulam