ആഗമാനന്ദ സ്വാമിയുടെ സംഭാവനകള്‍ പഠനവിധേയമാക്കണം - ഡോ.എസ്.കെ. വസന്തന്‍

Posted on: 03 Sep 2015കാലടി: ജാതി വ്യവസ്ഥയ്‌ക്കെതിരെ ശക്തമായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ആഗമാനന്ദ സ്വാമിയെന്ന് സാഹിത്യകാരന്‍ ഡോ. എസ്.കെ. വസന്തന്‍ അഭിപ്രായപ്പെട്ടു. കാലടിയില്‍ ആഗമാനന്ദജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും നിര്‍ണായക സ്വാധീനം ചെലുത്താന്‍ സ്വാമിയ്ക്കായിരുന്നു. അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് അര്‍ഹതയില്ലെന്ന് തെറ്റായി വ്യാഖ്യാനിച്ച ഇണ്ടന്‍തുരുത്തി നമ്പ്യാതിരിയുടെ പൊള്ളയായ വാദത്തെ തിരുത്താന്‍ തന്റെ സംസ്‌കൃത പാണ്ഡിത്യം കൊണ്ട് ആഗമാനന്ദ സ്വാമിയ്ക്കായി. സ്വാമിയുടെ ഈ രംഗത്തെ സംഭാവന പഠന വിധേയമാക്കേണ്ടതുണ്ട്- ഡോ. എസ്.കെ. വസന്തന്‍ പറഞ്ഞു.
ആഗമാനന്ദ സ്വാമി സ്മാരക സമിതി പ്രസിഡന്റ് പ്രൊഫ. കെ.എസ്.ആര്‍. പണിക്കര്‍ അധ്യക്ഷനായി. പുറനാട്ടുകര ശ്രീകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ പ്രഭാഷണം നടത്തി. ആഗമാനന്ദ പുരസ്‌കാരം പള്ളിയറ രാമന് സ്വാമി നന്ദാത്മജാനന്ദയും ഡോ.പി.കെ. മാധവന് തലനാട് ചന്ദ്രശേഖരന്‍ നായരും സമ്മാനിച്ചു. എം.കെ. കുഞ്ഞോല്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്്തു. ആര്‍ട്ടിസ്റ്റ് ശിവഗംഗയെ പ്രൊഫ.ടി.എന്‍. ശങ്കരപ്പിള്ള ആദരിച്ചു. പ്രൊഫ.പി.വി. പീതാംബരന്‍, പ്രൊഫ. എ. സുബ്രഹ്മണ്യ അയ്യര്‍, ടി.ആര്‍. മുരളീധരന്‍, എം.കെ. വാവക്കുട്ടന്‍, എന്‍.പി. സജീവ് എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam