സി.പി.എം. പ്രവര്ത്തകന് മര്‍ദനമേറ്റ സംഭവം: മൂന്ന് പേര് പിടിയില്‍
Posted on: 03 Sep 2015
ആലുവ: എടത്തല ശിവഗിരിയില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന സി.പി.എം. പ്രവര്‍ത്തകനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അച്ഛനും മകനുമടക്കം മൂന്ന് പേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. എന്‍.എ.ഡി. കള്ളിക്കാടുകുടി വീട്ടില്‍ രാജപ്പന് (54), മകന് അരുണ്‍രാജ് (23), മണലിമുക്ക് ശിവഗിരി തന്തോനിമുകള് കുഞ്ഞപ്പന് (62) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ആലുവ എടത്തല ശിവഗിരി സി.പി.എം. ബ്രാഞ്ചംഗമായ ശിവഗിരി മുണ്ടയ്ക്കാപറമ്പില് പരേതനായ ശിവന്റെ മകന് എം.എസ്. സുരാജ് കുമാറിനാണ് (43) ഞായറാഴ്ച വൈകീട്ട് ആറരയോടെ ശിവഗിരിയില്‍ വെച്ച് മര്‍ദനമേറ്റത്. ഓണത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കീറിയതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ വഴിയരികില്‍ നില്‍ക്കുകയായിരുന്ന സുരാജ് കുമാറിനെ ബി.ജെ.പി. പ്രവര്‍ത്തകരായ പ്രതികള്‍ മര്‍ദിക്കുകയായിരുന്നു.
മൂക്കിന്റെ പാലം തകര്‍ന്ന സുരാജ് ഇപ്പോള്‍ കളമശ്ശേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികിത്സയിലാണ്. ആലുവ പോലീസ് സ്റ്റേഷനിലെ എസ്.ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.