സി.ഐ.ടി.യു. തൊഴിലാളിയുടെ മരണം: പിടിയിലായവര്‍ റിമാന്‍ഡില്‍ കേസെടുക്കണമെന്ന് ബന്ധുക്കള്‍
Posted on: 03 Sep 2015
കൂത്താട്ടുകുളം: ഇലഞ്ഞിയിലെ സി.ഐ.ടി.യു. ടിമ്പര്‍ തൊഴിലാളി പൊന്‍കുറ്റി വാളക്കൊട്ടില് മാത്യു കുര്യന്റെ (അപ്പച്ചന്-48) മരണവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ മൂന്നുപേരെ കൂത്താട്ടുകുളം കോടതി റിമാന്‍ഡ് ചെയ്തു. പൊന്‍കുറ്റി ആനിമൂട്ടില്‍ ടിന്‍സ് ടോമി (അനൂപ് -27), പെരിയപ്പുറം പരുത്തിപ്പിള്ളില് കോളനി ചേലമറ്റം കുന്നേല്‍ കുട്ടപ്പന് (49), പൊന്‍കുറ്റി ചിറയന്കുളം കുഴികണ്ടത്തില്‍ ജോഷി പീറ്റര്‍ (36) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
ഇലഞ്ഞിയിലെ സി.ഐ.ടി.യു. ടിമ്പര്‍ തൊഴിലാളി യൂണിയന് അംഗമായിരുന്ന മാത്യു കുര്യനെ കഴിഞ്ഞ ആഗസ്ത് 16-നാണ് വീടിന്റെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹ പ്രവര്‍ത്തകരായ ടിന്‍സ് ടോമി, കുട്ടപ്പന്, ജോഷി പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് മാത്യു കുര്യനെ മര്‍ദിച്ചിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് സി.പി.എം. ലോക്കല്‍ കമ്മിറ്റി അന്വേഷണം നടത്തുകയും ടിന്‍സ് ടോമി, കുട്ടപ്പന്, ജോഷി പീറ്റര്‍ എന്നിവരെ സി.ഐ.ടി.യു. വില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ട മാത്യു കുര്യന് ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ മാത്യു കുര്യന്റെ വീട്ടില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ കൂടുതല്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കണം എന്നും ആവശ്യമുയര്‍ന്നിരുന്നു. മാത്യു കുര്യന്റെ വീട്ടില്‍ എത്തിയ പോലീസ് നായ നടത്തിയ പരിശോധനയെ തുടര്‍ന്ന് മാത്യുവിനെ മര്‍ദിച്ച സ്ഥലത്തേക്ക് എത്തിയതും അന്വേഷണവുമായി കൂട്ടിച്ചേര്‍ക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. മാത്യുവിനെ മര്‍ദിക്കുന്നത് ഇലഞ്ഞി ഗ്രാമപഞ്ചായത്തംഗം മത്തായിക്കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ ദൃക്സാക്ഷികളായിരുന്നു.
മാത്യു കുര്യന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മരണം കൊലപാതകമാണെന്നും കാണിച്ച് മാതാവ് േത്രസ്യാമ്മയും ബന്ധുക്കളും നേരത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. മാത്യുവിന്റെ മരണത്തെത്തുടര്‍ന്ന് സഹ പ്രവര്‍ത്തകര്‍ കൂടിയായിരുന്ന ടിന്‍സ് ടോമി, കുട്ടപ്പന്, ജോഷി പീറ്റര്‍ എന്നിവര്‍ ഒളിവിലായിരുന്നു. മാത്യുവിനെ ഈ മൂവര്‍സംഘം പൊന്‍കുറ്റിയില്‍ വച്ച് മര്‍ദിച്ചതില്‍ ഉണ്ടായ മനോവിഷമത്തില്‍ മാത്യു ആത്മഹത്യ ചെയ്തു എന്ന നിലപാടിലാണ് പോലീസ്. ആത്മഹത്യാപ്രേരണയുടെ പേരിലാണ് ഇവര്‍ക്കെതിരെയുള്ള പോലീസ് കേസ്. എന്നാല്‍ മാത്യുവിന്റെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കള്‍ പറയുന്നു.