കൊച്ചി മെട്രോ 975 യാത്രക്കാരെ വഹിക്കും: യാത്രാ സൗഹൃദവും മികച്ച സുരക്ഷയും നല്കുന്ന കോച്ചുകള്‍
Posted on: 03 Sep 2015
കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും മികച്ചതും യാത്രാ സൗഹൃദപരവുമായ കോച്ചുകളാണ് കൊച്ചി മെട്രോയ്ക്കു വേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍.). ഏറ്റവും നൂതനമായ സംവിധാനങ്ങളാണ് കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കോച്ചുകളുടെ സുരക്ഷാ സംവിധാനങ്ങളും എടുത്തുപറയേണ്ടതാണ്. ഭാവിയില്‍ ഡ്രൈവര്‍ ഇല്ലാതെ നിയന്ത്രിക്കാന്‍ കഴിയുന്ന കോച്ചുകളായി മാറ്റാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്പന. കോച്ചുകളുടെ നിര്‍മാണം തുടങ്ങി എട്ടു മാസത്തിനകം ലഭിക്കും. 2014 ഒക്ടോബറിലാണ് കൊച്ചി മെട്രോയുടെ കോച്ചുകള്‍ നിര്‍മിക്കുന്നതിന് അല്‍സ്റ്റോം കമ്പനിക്ക് കരാര്‍ നല്‍കിയത്. രൂപകല്പന, നിര്‍മാണം, വിതരണം, സ്ഥാപനം, പരിശോധന, കമ്മീഷനിങ് എന്നിവയെല്ലാം അല്‍സ്റ്റോം തന്നെയാണ് ചെയ്യുന്നത്. 25 സ്റ്റാന്‍ഡേര്‍ഡ് ട്രാക്ക് ഗേജ് ട്രെയിനുകള്‍ക്കാണ് കരാര്‍. 25 ട്രെയിനുകള്‍ കൂടി അധികമായി ചെയ്യുന്നതിനുള്ള ഉപാധിയും കരാറിലുണ്ട്. 975 യാത്രക്കാരെ വഹിക്കും. 65 മീറ്റര്‍ നീളം വരുന്ന മൂന്ന് കോച്ചുകള്‍ വീതമാണ് ഓരോ ട്രെയിനും. ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയിലെ അല്‍സ്റ്റോം പ്ലാന്റിലാണ് നിര്‍മാണം. പരമാവധി ഊര്‍ജ ഉപയോഗത്തിനും ജലത്തിന്റെ അടക്കമുള്ള പുനരുത്പാദനത്തിനും ലക്ഷ്യം വെയ്ക്കുന്നു. ടാറ്റാ എല്‍ക്സി എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് മെട്രോ കോച്ച് രൂപകല്പനയ്ക്കുള്ള സഹായം നല്‍കിയത്.
യാത്രാ സൗഹൃദം
യാത്രാ സൗഹൃദമായിരിക്കും കൊച്ചി മെട്രോ. സാങ്കേതികതയിലും രൂപകല്പനയിലും നിറത്തിലുമുള്ള പുതുമയായിരിക്കും വ്യത്യസ്തമാക്കുന്നത്. കടല്‍ നീലയും ഇളം പച്ചയും കലര്‍ന്ന നിറമാണ് കോച്ചുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന കാര്യക്ഷമതയുള്ള ട്രെയിനിന് ഇന്ധനക്ഷമതയും കൂടുതലാണ്.
* ഓരോ കോച്ചിലും രണ്ട് എയര്‍കണ്ടീഷന്‍ യൂണിറ്റുകള്‍
* സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാവുന്ന സീറ്റുകള്‍. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും രോഗികള്‍ക്കും സഹായവും ആവശ്യമുള്ള യാത്രക്കാര്‍ക്കായി പ്രയോറിറ്റി ഏരിയയും കൂടുതല്‍ സുഖകരമായ ഇരിപ്പിടങ്ങളും
* പ്രയോറിറ്റി ഏരിയയിലെ ഇരിപ്പിടങ്ങള്‍ തിരിച്ചറിയുന്നതിനായി പ്രത്യേക നിറം നല്‍കും
* ഉള്‍ത്തലങ്ങളിലെ നിറ സന്തുലനം ഉറപ്പാക്കുന്ന തരത്തിലുള്ള നിറ വിന്യാസം
* യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനായി പ്രത്യേക ഇടങ്ങള്‍
* പരസ്യങ്ങള്‍ക്കായി പ്രത്യേക ഇടങ്ങള്‍
* യാത്രക്കാര്‍ക്ക് കൂടുതല്‍ ഇരിപ്പ് സുഖം നല്കുന്ന തരത്തിലുള്ള ഉള്ത്തലപ്പിന്റെ ക്രമീകരണം.
* തെളിഞ്ഞുനില്ക്കുന്ന ലോഗോയോടൊപ്പം ഉയര്‍ന്ന എല്‍ഇഡി ഹെഡ് ലൈറ്റുകളും മറ്റും ചാരുത നല്കുന്ന ട്രെയിനിന്റെ മുന്‍വശം.
* കോച്ചില്‍ നിന്ന് പുറത്തേക്ക് സുഖകരമായി എത്തുന്നതിനുള്ള സംവിധാനം
*സുന്ദരമായ തറ
* വിശാലമായ ജനാലകള്‍
*ബഹുവര്‍ണത്തിലുള്ള കാര്പെറ്റുകള് കൂടുതല്‍ ഭംഗിയും വിസ്തൃതിയും നല്‍കും.
സുരക്ഷാ സംവിധാനങ്ങള്‍:
മെട്രോയിലെ യാത്രക്കാര്‍ക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുണ്ടാക്കിയ കോച്ചുകള്‍ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ നടത്താന്‍ കഴിയുന്നതാണ്. എന്നാല്‍ ദൃഢവും ശബ്ദരഹിതവുമാണ്. 35 വര്‍ഷമാണ് ഇതിന്റെ ആയുസ്സ്
* റൂട്ട് മാപ്പുകള്‍
* മൂന്നു ഭാഷകളിലുള്ള അനൗണ്‍സ്മെന്റുകള്‍
* വലിയ എല്‍സിഡി ഡിസ്പ്ലേ സംവിധാനങ്ങള്‍
* ക്ലോസ്ഡ് സിസി ടിവി സംവിധാനം
* സ്റ്റേഷനുകള്‍ സംബന്ധിച്ച വിവരണങ്ങള്‍ കോച്ചിന്റെ വശങ്ങളില് പതിച്ചിരിക്കും
* യാത്രക്കാര്‍ക്ക് ഡ്രൈവറുമായി അടിയന്തര ഘട്ടങ്ങളില്‍ സംസാരിക്കുന്നതിനുള്ള ഇന്റര്‍കോം സംവിധാനം
* തീയും പുകയും കണ്ടെത്തുന്നതിനുള്ള സംവിധാനം
* യാത്രക്കാര്‍ക്ക് പിടിച്ചുനില്‍ക്കുന്നതിനായി വിവിധ തരത്തിലുള്ള ഹാന്‍ഡിലുകളും റെയിലുകളും
* വശങ്ങളിലുള്ള നാല് വാതിലുകളിലേക്കും എളുപ്പത്തില്‍ ചെന്നെത്താനാകും
* യുഎസ്ബി ചാര്‍ജിങ് പോയിന്റുകള്‍
* ആര്‍ക്കും ഭേദിച്ച് കടക്കാന്‍ കഴിയാത്ത വിധം ദൃഢമായ ട്രെയിന്‍ പാനലുകള്‍
കൊച്ചി മെട്രോ കോച്ചുകളുടെ ഡിസൈന്‍ അനാച്ഛാദനം ഇന്ന്
കൊച്ചി: മെട്രോ കോച്ചുകളുടെ ഡിസൈന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച അനാച്ഛാദനം ചെയ്യും. മെട്രോ ട്രെയിന്‍ കോച്ചുകളുടെ അകത്തെയും പുറത്തെയും ഡിസൈനുകളാണ് പ്രകാശനം ചെയ്യുന്നത്. അല്‍സ്റ്റോം ട്രാന്‍സ്പോര്‍ട്ട് ഇന്ത്യാ ലിമിറ്റഡാണ് സുരക്ഷിതവും ലോകോത്തര നിലവാരമുള്ളതുമായ കോച്ചുകള്‍ കൊച്ചി മെട്രോയ്ക്കായി രൂപകല്പന ചെയ്തിരിക്കുന്നത്. രാവിലെ 9ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാല്‍) മെയിന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് അനാച്ഛാദന ചടങ്ങ്. തുടര്‍ന്ന്്് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യും. കൂടാതെ ഏകീകൃത യാത്രാ സംവിധാനം (ഉംട) ഒരുക്കുന്നതിനായുള്ള ജര്‍മന്‍ ഏജന്‍സി ഫണ്ടിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. യോഗത്തിന് മുന്നോടിയായി മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, ഡി.എം.ആര്.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്, കെ.എം.ആര്.എല്‍. ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവരടങ്ങുന്ന സംഘം മെട്രോ നിര്‍മാണം നടക്കുന്ന വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തും. രാവിലെ 6.30 മുതല്‍ സംഘം സന്ദര്‍ശനം ആരംഭിക്കും.