സര്‍വം നിശ്ചലം
Posted on: 03 Sep 2015
മെട്രോ റെയില്‍ നിര്‍മാണവും നിലച്ചു
കൊച്ചി: പണിമുടക്കില്‍ പതിവുപോലെ എല്ലാം നിശ്ചലമായി. കെ.എസ്.ആര്.ടി.സി. ജില്ലയിലെ ഒരു ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തിയില്ല. എറണാകുളം കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡില്‍ സ്റ്റേഷന് മാസ്റ്റര്‍ ഓഫീസും എന്‍ക്വയറി കൗണ്ടറും പ്രവര്‍ത്തിച്ചില്ല. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ എറണാകുളത്ത് സര്‍വീസ് അവസാനിപ്പിച്ച ദീര്‍ഘദൂര ബസ്സുകള്‍ ബുധനാഴ്ച പണിമുടക്ക് സമയം പിന്നിട്ട ശേഷമാണ് യാത്ര പുനരാരംഭിച്ചത്. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പോലീസ് വാഹനങ്ങളിലും യാത്രക്കാരെ വിവിധ സ്ഥലങ്ങളിലെത്തിച്ചു.
പണിമുടക്ക് ജില്ലയില്‍ പൊതുവേ സമാധാനപരമായിരുന്നു. ഹൈക്കോടതി ജംഗ്ഷനു സമീപത്തെ ഒരു പെട്ടിവണ്ടിക്കടയ്ക്കു നേരെ ഉച്ചയ്ക്ക് ആക്രമണമുണ്ടായതൊഴിച്ചാല് മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. കടയ്ക്കുനേരെയുണ്ടായ ആക്രമണത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. വിമാനത്താവളത്തിലെ ചില ഏജന്‍സികളിലെ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുത്തെങ്കിലും അധികൃതര്‍ പകരം താത്കാലിക ജീവനക്കാരെ ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാര്‍ക്ക് അങ്കമാലി, ആലുവ റെയില്‍വേ സ്റ്റേഷനുകളിലേക്ക് പോലീസ് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പണിമുടക്കില്‍ ഏറെക്കുറെ നിശ്ചലമായി. എറണാകുളം സിവില്‍ സ്റ്റേഷനില്‍ 2480 ജീവനക്കാരില്‍ 120-ഓളം പേര് മാത്രമാണ് ബുധനാഴ്ച ഹാജരായത്. ജില്ലാ പഞ്ചായത്ത്, തൃക്കാക്കര നഗരസഭ, ഇന്‍ഫോ പാര്‍ക്ക് എന്നീ ഓഫീസുകളിലും ഹാജര്‍ നില നന്നേ കുറവായിരുന്നു. സിവില്‍ സ്റ്റേഷനിലെ മിക്ക ഓഫീസുകളും ആളൊഴിഞ്ഞ നിലയിലായിരുന്നു. ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് എത്താന്‍ പറ്റാത്തത് ഓഫീസ് പ്രവര്‍ത്തനത്തെ ബാധിച്ചു. പണിമുടക്കിനെ തുടര്‍ന്ന് കൊച്ചി മെട്രോ റെയില്‍ നിര്‍മാണ ജോലികള്‍ ബുധനാഴ്ച പൂര്‍ണമായും സ്തംഭിച്ചു.
പണിമുടക്കിയ തൊഴിലാളികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.