പൊതുപണിമുടക്ക്
Posted on: 03 Sep 2015
അമ്പലമേട് : പൊതു പണിമുടക്കില്‍ അമ്പലമേട് വ്യവസായമേഖല സ്തംഭിച്ചു. ബിപിസിഎല്‍ കൊച്ചി റിഫൈനറി, എല്‍പിജി ബോട്ട്ലിങ് പ്ലാന്റ്, എച്ച്ഒസി, എഫ്എസിടി എന്നിവയുടെ പ്രവര്‍ത്തനം പൊതു പണിമുടക്കിനെ തുടര്‍ന്ന് ഭാഗികമായേ നടന്നുള്ളൂ. സംയോജിത റിഫൈനറി വികസന പദ്ധതിപ്രവര്‍ത്തനങ്ങളുടെ (ഐആര്‍ഇപി) ജോലികള്‍ പൂര്‍ണമായും സ്തംഭിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 15000ത്തോളം പേര് ഐആര്ഇപിയില് ജോലിക്കെത്തിയില്ല. പദ്ധതി തുടങ്ങിയ ശേഷം സമരരഹിത മേഖലയായി പ്രഖ്യാപിച്ച ഇവിടെ ആദ്യമായാണ് പ്രവര്‍ത്തനം മുടങ്ങുന്നത്. ഹര്‍ത്താലുകള്‍ക്ക് പോലും ഇവിടെ ജോലി നടക്കാറുണ്ട്. റിഫൈനറി മെയിന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം മാത്രമാണ് നടന്നത്. സിആര്ഡബ്ല്യുഎ, ആര്ഇയു, സിആര്‍ഇഎ യുണിയനുകളില്പ്പെട്ട ഭൂരിഭാഗം പേരും മെയിന്‍ പ്ലാന്റില്‍ ജോലിക്കെത്തിയില്ല. കരാര്‍ജോലികള്‍ ഭൂരിഭാഗവും മുടങ്ങി.
എച്ച്ഒസിയിലും ഭൂരിഭാഗം തൊഴിലാളികളും പണിമുടക്കി. പ്ലാന്റുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. എഫ്എസിടിയിലും ഹാജര്‍ കുറവായിരുന്നു. രാവിലെ ജോലിക്കെത്തിയ ചിലരും സമരക്കാരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായി.