ബാംഗ്ലൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ കൊച്ചിയില്‍ സുഖവാസത്തില്‍

Posted on: 03 Sep 2015കൊച്ചി: ബാംഗ്ലൂര്‍ കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് കടത്തിയ കൗണ്‍സിലര്‍മാര്‍ കൊച്ചിയില്‍ സുഖവാസത്തില്‍. ഷോപ്പിങ് സൗകര്യം കണക്കിലെടുത്ത് ഇടപ്പള്ളിയിലെ ഹോട്ടലിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ജെഡിഎസ് നേതാവ് ഗോപാല്‍ അയ്യയുടെ നേതൃത്വത്തിലാണ് ഇവരെ കൊച്ചിയിലെത്തിച്ചിരിക്കുന്നത്.
ജനതാദള്‍-എസ്സിലെ 14 കൗണ്‍സിലര്‍മാരാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നത്. കുണ്ടന്നൂരിലെ ഹോട്ടലിലായിരുന്നു കഴിഞ്ഞ ദിവസം വരെ ഇവരുടെ താമസം. എന്നാല്‍ ഷോപ്പിങ് സൗകര്യമില്ലെന്ന കാരണത്താല്‍ ഇവര്‍ ഇടപ്പള്ളിയിലേക്ക് മാറുകയായിരുന്നു. ഷോപ്പിങ് മാളിനോടു ചേര്‍ന്ന് തന്നെ താമസ സൗകര്യം തരപ്പെട്ടതോടെ കൗണ്‍സിലര്‍മാര്‍ ദിവസവും ഷോപ്പിംഗ് ആസ്വദിക്കുകയാണ്.
ഇപ്പോള്‍ ഒളിവ് ജീവിതം ഒരു വിനോദയാത്ര പോലെ ആഘോഷിക്കുകയാണിവര്‍. ഷോപ്പിങ് മാളിലെ കറക്കവും മള്‍ട്ടിപ്ലക്‌സിലെ സിനിമയും രുചികരമായ ഭക്ഷണവുമൊക്കെയായിട്ടാണ് ഒളിവ് ജീവിതം. നാട്ടിലേക്ക് എന്ന് തിരികെ എത്തണം എന്നതിനെപ്പറ്റി സന്ദേശം ലഭിച്ചിട്ടില്ലെന്നും ബാംഗ്ലൂര്‍ എംഎല്‍എ ഗോപാല്‍ അയ്യയുടെ നേതൃത്വത്തിലാണ് തങ്ങള്‍ കൊച്ചിയില്‍ തങ്ങുന്നതെന്നും കൗണ്‍സിലര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാംഗ്ലൂര്‍ നഗരസഭാ മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസും ബിജെപിയും ചരട് വലികള്‍ ശക്തമാക്കിയതോടെയാണ് ജെഡിഎസ് തങ്ങളുടെ കൗണ്‍സിലര്‍മാരെ കേരളത്തിലേക്ക് മാറ്റിയിരിക്കുന്നത്.

More Citizen News - Ernakulam