എയര്‍ ആംബുലന്‍സ് വൈകില്ല -മുഖ്യമന്ത്രി

Posted on: 03 Sep 2015കൊച്ചി: സംസ്ഥാനത്ത് എയര്‍ ആംബുലന്‍സ് സംവിധാനം വൈകാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രണ്ട് കമ്പനികള്‍ ഇതു സംബന്ധിച്ച് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരും ആസ്​പത്രികളും സഹകരിച്ച് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിമാനത്തിലെത്തിച്ച ഹൃദയം മാറ്റിവെച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മാത്യു അച്ചാടനെ (47) ലിസി ആസ്​പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന വേളയില്‍ സന്തോഷം പങ്കിടാനെത്തിയതായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്തു നിന്ന് ഹൃദയം വിമാനത്തിലെത്തിച്ച് മാറ്റിവെയ്ക്കാനായത് ഇവിടത്തെ ഡോക്ടര്‍മാരും ചികിത്സാ സൗകര്യങ്ങളും ലോകോത്തരമാണെന്ന ബോധ്യം ജനങ്ങളില്‍ പകര്‍ന്നിട്ടുണ്ട്. അതോടൊപ്പം അവയവദാന മേഖലയില്‍ പുതിയ തരംഗം സൃഷ്ടിക്കാനും കഴിഞ്ഞു. ഈ സംഭവമാണ് എയര്‍ ആംബുലന്‍സ് സംവിധാനത്തെക്കുറിച്ച് ആലോചിക്കാന്‍ ഇടയാക്കിയത്. മാത്യു അച്ചാടനു വേണ്ടി ഹൃദയം ഹെലികോപ്റ്ററിലെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. രാത്രിയില്‍ ഇത് എളുപ്പമാകില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ അവസാന നിമിഷം നേവിയുടെ സഹകരണത്തോടെ വിമാനം ഉപയോഗപ്പെടുത്തുകയായിരുന്നു. ഹെലികോപ്റ്ററില്‍ ഹൃദയമെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെയും ലിസി ആസ്​പത്രിയെയും ഉമ്മന്‍ചാണ്ടി അഭിനന്ദിച്ചു. അച്ചാടന്റെ ശസ്ത്രക്രിയയ്ക്ക് പണം സ്വരൂപിച്ച നാട്ടുകാരെയും മുഖ്യമന്ത്രി അനുമോദിച്ചു. മന്ത്രി കെ. ബാബു, എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, കളക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

More Citizen News - Ernakulam