'നിയുക്തി 2015' തൊഴില്‍മേള മൂന്നാംഘട്ടം ഈ മാസം
Posted on: 03 Sep 2015
കൊച്ചി: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജോബ്ഫെയറിന്റെ എറണാകുളം മേഖലയിലെ മൂന്നാംഘട്ടം ആലുവ യുസി കോളേജില്‍ സെപ്റ്റംബര്‍ 26ന് 'നിയുക്തി 2015 ഡ്രൈവ് -3' എന്ന പേരില്‍ തൊഴില്‍ മേള നടത്തും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററാണ് സംഘാടകര്‍. മേളയില്‍ പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനികളും സേവന രംഗത്തെ പ്രമുഖ തൊഴില്‍ദാതാക്കളും നേരിട്ടു തിരഞ്ഞെടുപ്പു നടത്തും. ഐടി, ഓട്ടോമൊബൈല്‍സ്, ബിപിഒ, കെപിഒ, ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളിലെ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. 19നും 35നും മധ്യേ പ്രായമുള്ള പ്ലസ് ടു മുതല്‍ അടിസ്ഥാനയോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐടിഐ, എംബിഎ, നഴ്സിംഗ്, മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്സ് ഹോള്‍ഡേഴ്സ് എന്നിവര്‍ക്ക് മെച്ചപ്പെട്ട നിയമന സാധ്യത ഉണ്ടായിരിക്കും. പുതുതായി ഡിഗ്രി പാസായ ബിസിഎ, ബിഎസ്സി, ബിസിഎസ് ഹോള്‍ഡേഴ്സിന് മുന്‍ഗണന ഉണ്ടായിരിക്കും.തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററുമായി നേരിട്ട് ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ സപ്തംബര്‍ 26ന് രാവിലെ 8.30ന് ബയോഡാറ്റയുടെ അഞ്ച് പകര്‍പ്പുകള്‍ സഹിതം നേരിട്ട് ആലുവ യുസി കോളേജില്‍ ഹാജരാകണം. ഫോണ്‍: 0484 2422452, 2427494.