സി.പി. വര്‍ഗീസ് സ്മാരക പ്രസംഗ മത്സരം: നന്ദന എസ്. നായര്‍ക്ക് ഒന്നാം സ്ഥാനം
Posted on: 03 Sep 2015
പിറവം: സി.പി. വര്‍ഗീസ് സ്മാരക പ്രസംഗ മത്സരത്തില്‍ പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ നന്ദന എസ്. നായര്‍ ഒന്നാം സ്ഥാനം നേടി. ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂജ ഗോപിക്കാണ് രണ്ടാം സ്ഥാനം. വെള്ളൂര്‍ ഭവന്‍സ് വിദ്യാമന്ദിറിലെ ഐശ്വര്യ രാജ് മൂന്നാം സ്ഥാനവും തിരുവാണിയൂര്‍ സ്റ്റെല്ല മേരീസിലെ സാന്ദ്രാ റെജി നാലാം സ്ഥാനവും നേടി.
കോണ്‍ഗ്രസിന്റെ പിറവം മേഖലയിലെ നേതാവും വാഗ്മിയുമായിരുന്ന സി.പി. വര്‍ഗീസിന്റെ സ്മരണയെ മുന്‍നിര്‍ത്തി ലൈഫ് ഫൗണ്ടേഷന് ചാരിറ്റബിള്‍ സൊസൈറ്റിയാണ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം നടത്തിയത്. പിറവം സെന്റ് ജോസഫ് ഹൈസ്കൂളില്‍ നടന്ന പ്രസംഗമത്സരം വൈ.എം.സി.എ. ദേശീയ സമിതി അംഗം പ്രൊഫ. ബേബി എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ലൈഫ് ഫൗണ്ടേഷന് പ്രസിഡന്റ് ഏലിയാസ് ഈനാകുളം അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ്, ഗവ. പ്ലീഡര്‍ അഡ്വ. ജിബു പി. തോമസ്, ചിന്മയ അന്തര്‍ദേശീയ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി.ആര്. രാജീവ്, പ്രൊഫ. എം.ജെ. യോയാക്കി എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് സപ്തംബര്‍ 13ന് സമ്മാനങ്ങള്‍ നല്‍കും.