പക്ഷിയിടിച്ചു; എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ കുടുങ്ങി
Posted on: 03 Sep 2015
നെടുമ്പാശ്ശേരി: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തകരാറിലായി. ഈ വിമാനത്തില്‍ പോകേണ്ടിയിരുന്ന യാത്രക്കാരെ ചെന്നൈയില്‍ നിന്ന് പ്രത്യേകമായി കൊണ്ടുവന്ന വിമാനത്തില്‍ കയറ്റിവിട്ടു. ബുധനാഴ്ച രാവിലെ 9.40 ന് കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എ.ഐ. 933 വിമാനമാണ് തകരാറിലായത്. 153 യാത്രക്കാരാണ് ഷാര്‍ജയ്ക്ക് പോകാനായി എത്തിയിരുന്നത്. വിമാനം പുറപ്പെടാന്‍ വൈകിയതിനാല്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചു. വിമാനത്തിന്റെ ഒരു എന്‍ജിനാണ് തകരാര്‍ ഉണ്ടായത്. പക്ഷിയുടെ ശരീരാവശിഷ്ടങ്ങള്‍ എന്‍ജിനില്‍ കുടുങ്ങി. ചെന്നൈയില്‍ നിന്ന് എത്തിയ വിമാനം യാത്രക്കാരുമായി ഉച്ചയ്ക്ക് ശേഷം 2.10 ന് ഷാര്‍ജയിലേയ്ക്ക് പറന്നു. തകരാറിലായ വിമാനം കൊച്ചിയില്‍ കിടക്കുകയാണ്. തകരാര്‍ പരിഹരിച്ച ശേഷം തുടര്‍ സര്‍വീസ് നടത്തും.