ബോട്ടപകടം: ജെട്ടിയിലെ ഡീസല്‍ വില്പന തുറമുഖ ട്രസ്റ്റ് വിലക്കി; പമ്പുടമ ഹൈക്കോടതിയില്‍

Posted on: 03 Sep 2015കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ ബോട്ടപകടം നടന്നയിടത്ത് മത്സ്യബന്ധന ബോട്ടുകളെത്തുന്ന ജെട്ടി വഴി ഡീസല്‍ അടിച്ചുനല്‍കുന്നത് കൊച്ചി തുറമുഖ ട്രസ്റ്റ് വിലക്കി. അതിനെതിരെ ജെട്ടിയോടു ചേര്‍ന്നുള്ള ഐ.ഒ.സി. പെ!ട്രോള്‍ പമ്പിന്റെ ഉടമ തൃപ്പൂണിത്തുറ സ്വദേശി കെ.കെ. ദാമോദരന്‍ ഹൈക്കോടതിയെ സമീപിച്ചു. ബോട്ടിന് ഇന്ധനം നല്‍കാന്‍ അനുമതിയും പമ്പിന് ലൈസന്‍സും ഉണ്ടെന്നും തന്നെ കേള്‍ക്കാതെയുള്ള വിലക്ക് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി വ്യാഴാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.
മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഒന്നാം നമ്പര്‍ ജെട്ടിയുടെ കാലാവധി 2014 മാര്‍ച്ച് 31-ന് തീര്‍ന്നതാണ്. പിന്നീട് പുതുക്കിയിട്ടില്ല. പ്രസ്തുത ജെട്ടിയില്‍ നിന്ന് ഇന്ധനം നിറച്ചു പോയ മത്സ്യബന്ധന ബോട്ടാണ് 'എം.വി. ഭാരത്' എന്ന യാത്രാ ബോട്ടിലിടിച്ചതെന്ന് തുറമുഖ ട്രസ്റ്റ് ആഗസ്ത് 31-ന് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
മത്സ്യബന്ധന ബോട്ട് ഓടിച്ചതിലെ അശ്രദ്ധ മാത്രമല്ല ആഗസ്ത് 22-ലെ അപകടത്തിന്റെ കാരണം. ജങ്കാര്‍, ഫെറി, വിനോദസഞ്ചാര ജെട്ടികള്‍ക്കടുത്താണ് ഇന്ധനമടിക്കുന്ന ജെട്ടിയെന്നതും കാരണമായിട്ടുണ്ട്. പലപ്പോഴും ഇന്ധനം നിറയ്ക്കാനുള്ള ബോട്ടുകള്‍ നിരയായി കാത്തുകിടക്കുന്നത് കപ്പല്‍ ചാനല്‍ വരെ നീളാറുണ്ട്. അത് കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷയെയും ബാധിക്കുമെന്ന് തുറമുഖ ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ബോട്ടുകളില്‍ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന ഒന്നാം നമ്പര്‍ ജെട്ടിയുടെ പ്രവര്‍ത്തനം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
എന്നാല്‍ പെട്രോള്‍ പന്പിനും ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കാനും തനിക്ക് സാധുവായ ലൈസന്‍സുണ്ടെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. 2014-ല്‍ ജെട്ടിയുടെ ലൈസന്‍സ് ഫീസ് പോര്‍ട്ട് ട്രസ്റ്റ് 1457 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. അതിനെതിരെ താന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ബോധിപ്പിക്കുന്നുണ്ട്.

More Citizen News - Ernakulam