വൈറ്റിലയില്‍ രണ്ട് യുവാക്കള്‍ ലോറിയിടിച്ച് മരിച്ചു

Posted on: 03 Sep 2015വൈറ്റില: വൈറ്റില ബൈപാസില്‍ റെയില്‍വേ മേല്പാലത്തിനു സമീപം രണ്ട് യുവാക്കള്‍ ലോറിയിടിച്ചു മരിച്ചു. എരൂര്‍ മാരന്‍കുളങ്ങര വിജയന്റെ മകന്‍ വിഷ്ണു (19), വെളിക്കുളം പത്താറയില്‍ സന്തോഷിന്റെ മകന്‍ കൈലാസ് (19) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തേകാലോടെ വൈറ്റില ഗോള്‍ഡ് സൂക്കില്‍ നിന്ന് ഇവര്‍ സിനിമ കണ്ട് മടങ്ങവെയായിരുന്നു അപകടം. പാലാരിവട്ടം ഭാഗത്തു നിന്ന് വൈറ്റിലയിലേക്ക് വരികയായിരുന്ന ടോറസ് ലോറി കാല്‍നട യാത്രികരായ യുവാക്കളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
അപകടം നടന്നയുടന്‍ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ഇടിച്ച ലോറിയുടെ ഡ്രൈവറും ചേര്‍ന്ന് ഇരുവരേയും പാലാരിവട്ടം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. രാത്രി പത്തേമുക്കാലോടെ വിഷ്ണു മരിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കൈലാസും മരിച്ചു. ആസ്​പത്രി അധികൃതരുടേയും ട്രാഫിക് പോലീസിന്റേയും മേല്‍നടപടികള്‍ക്കു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകെടുത്തു.
വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വിഷ്ണുവിന്റെ മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. മൂന്നുമണിയോടെ ഇരുമ്പനം ശ്മശാനത്തില്‍ കൈലാസിന്റെ സംസ്‌കാരവും നടത്തി.
വിഷ്ണുവിന്റെ അമ്മ: അനിത. സഹോദരന്‍: വൈശാഖ്. നിഷയാണ് കൈലാസിന്റെ അമ്മ. തൃപ്പൂണിത്തുറ വിദ്യാദീപം കോളേജ് പ്ലസ് ടു വിദ്യാര്‍ത്ഥിയും വെണ്ണല മോര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ പാര്‍ട്ട് ടൈം ജീവനക്കാരനുമാണ് വിഷ്ണു.
ടോറസ് ലോറിയുടെ ഡ്രൈവര്‍ പാലക്കാട് സ്വദേശി ദിനൂപി (31) നെ കസ്റ്റഡിയിലെടുത്തതായി ഇടപ്പള്ളി ട്രാഫിക് പോലീസ് അറിയിച്ചു.


More Citizen News - Ernakulam