മണീടില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ഞായറാഴ്ച
Posted on: 03 Sep 2015
ആനമുന്തി ഗാന്ധി സ്ക്വയറാകും
പിറവം: മണീടിന്റെ ഹൃദയഭാഗമായ 'ആനമുന്തി' ഗാന്ധി സ്ക്വയറാകാന് ഒരുങ്ങുന്നു. അധികാര വികേന്ദ്രീകരണ രംഗത്ത് സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും കിലയും മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ആദ്യമായി നടപ്പാക്കിയ മണീടിന് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുരസ്കാരം ലഭിച്ചിരുന്നു. ഇതിന്റെ സ്മരണയ്ക്കായി പഞ്ചായത്ത് ആസ്ഥാനത്ത് സ്ഥാപിക്കുന്ന ഗാന്ധിപ്രതിമ ഞായറാഴ്ച 12ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്യും. 'ആനമുന്തി' എന്നറിയപ്പെടുന്ന ആ പ്രദേശം ഇതോടെ ഗാന്ധിസ്ക്വയറായി മാറും. ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനാകും.
കൊച്ചി ഷിപ്പ്യാര്ഡ് മണീടിന് അനുവദിച്ച ആംബുലന്‍സിന്റെ താക്കോല്‍ മന്ത്രി കെ.ബാബു കൈമാറും. ജവഹര്‍ ഭവന പദ്ധതിയുടെ ചെക്കുകള്‍ വി.പി.സജീന്ദ്രന് എംഎല്‍എ വിതരണം ചെയ്യും. മണീട് ഗവ.ഐടിഐ പ്രിന്‍സിപ്പല്‍ ലളിതകുമാരിയെ ചടങ്ങില്‍ ആദരിക്കും.
കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ തന്നെ പഞ്ചായത്തിലെ 13 വാര്‍ഡുകളിലായി 52 അയല്‍സഭകളും വാര്‍ഡുതോറും ഗ്രാമസേവാ കേന്ദ്രങ്ങളും സ്ഥാപിച്ച് മണീട് സംസ്ഥാനത്ത് ആദ്യമായി അധികാര വികേന്ദ്രീകരണ പാതയില്‍ വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ് പറഞ്ഞു.