ആദിവാസി ക്ഷേമം: അട്ടപ്പാടി മേഖലയില്‍ സ്‌പെഷല്‍ ഓഫീസര്‍ വേണമെന്ന് കോടതി

Posted on: 03 Sep 2015'ചിക്കന്‍പോക്‌സ് വ്യാപനം തടയണം'


കൊച്ചി:
അട്ടപ്പാടിയില്‍ ആദിവാസികളുടെ ചികിത്സാ സൗകര്യമുള്‍പ്പെടെ ക്ഷേമം ഉറപ്പാക്കാന്‍ സ്‌പെഷല്‍ ഓഫീസറെ വെയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അട്ടപ്പാടിയില്‍ ചിക്കന്‍പോക്‌സ് പടരുന്നുവെന്ന് പരാതിയുണ്ട്. അതിന് പരിഹാരം കാണാന്‍ നോഡല്‍ ഓഫീസര്‍ പി.ബി. നൂഹ് പ്രത്യേകം ശ്രദ്ധിക്കണം. അട്ടപ്പാടി മേഖലയില്‍ നടപ്പാക്കിവരുന്ന ക്ഷേമപദ്ധതികള്‍ ഡിസംബര്‍ 15-നകം പൂര്‍ത്തിയാക്കണം.
സാമൂഹിക പിന്നാക്കാവസ്ഥ കണക്കിലെടുത്ത് അട്ടപ്പാടി ആദിവാസി മേഖലയില്‍ പ്രത്യേക ഭരണ സംവിധാനം ഏര്‍പ്പെടുത്തണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് സുനില്‍ തോമസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
അട്ടപ്പാടി കോട്ടത്തറ ആസ്​പത്രിയില്‍ സൗകര്യമില്ലെന്നു കാണിച്ച് തൃശ്ശൂര്‍ സ്വദേശി പി.ഡി. ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇത്. ആസ്​പത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരും ആംബുലന്‍സും പോഷകാഹാരവും ഗര്‍ഭിണികള്‍ക്കുള്ള പരിപാലനവും ഉള്‍പ്പെടെ സമഗ്രമായ പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ക്ഷേമപദ്ധതികളുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ നോഡല്‍ ഓഫീസറായ പി.ബി. നൂഹിന്റെ കാലാവധി 3 വര്‍ഷത്തേക്ക് നീട്ടിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
നോഡല്‍ ഓഫീസറുടെ പ്രവര്‍ത്തനത്തിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സഹായ, സഹകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അട്ടപ്പാടിയുടെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ സര്‍വേ നടത്തി ക്ഷേമ പദ്ധതികള്‍ കുറ്റമറ്റതാക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഗര്‍ഭം അലസിപ്പോകുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം.
നവജാത ശിശുക്കളുടെ ആരോഗ്യം ഉറപ്പാക്കാന്‍ ഗര്‍ഭിണികളുടെ ആരോഗ്യ പരിപാലനത്തില്‍ കൂടുതലായി എന്തെല്ലാം ശ്രദ്ധിക്കണമെന്നും വിലയിരുത്തണം. അക്കാര്യങ്ങള്‍ വ്യക്തമാക്കി സ്‌പെഷല്‍ ഓഫീസര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

More Citizen News - Ernakulam