ലിഡിയയുടെ ബുദ്ധി ലോകോത്തരം
Posted on: 03 Sep 2015
കൊച്ചി: ലോകപ്രശസ്തമായ മെന്‍സ ഐക്യു ടെസ്റ്റില്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന സ്കോറായ 162 നേടി മലയാളി പെണ്‍കുട്ടി. എളമക്കര പൊറ്റക്കുഴി സ്വദേശികളായ തെക്കുംപുറത്ത് ഡോ.അരുണ്‍ സെബാസ്റ്റ്യന്‍-എറീക്ക കൊട്ടിയത്ത് എന്നിവരുടെ മകളായ ലിഡിയ സെബാസ്റ്റ്യന്‍ (12) ആണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുന്നത്.
ലണ്ടനിലെ കോള്‍ചെസ്റ്റര്‍ ഗ്രാമര്‍ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ലിഡിയ. കഴിഞ്ഞമാസം നിക്കോള്‍ ബര് എന്ന ബ്രിട്ടീഷ് പെണ്‍കുട്ടിക്കും മെന്‍സ ഐക്യു ടെസ്റ്റില്‍ ഇതേ സ്കോര്‍ ലഭിച്ചിരുന്നു. ലോകചരിത്രത്തിലെ ഏറ്റവും ബുദ്ധിശാലികളായ ഒരു ശതമാനം ഉള്‍പ്പെടുന്ന ഗണത്തിലാണ് ഇപ്പോള്‍ ലിഡിയയും ഉള്‍പ്പെട്ടിരിക്കുന്നത്. ഐന്സ്റ്റീന്, ഹോക്കിങ് തുടങ്ങിയവര്‍ക്ക് ഐക്യു സ്കോര്‍ 160 ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്‍എച്ച്എസില്‍ റേഡിയോളജിസ്റ്റാണ് പിതാവ് ഡോ. അരുണ്‍. ലണ്ടന്‍ ബാര്‍ക്ലെയ്സ് ബാങ്ക് എച്ച്. ക്യു. വില്‍ അസോസിയേറ്റ് ഡയറക്ടറാണ് മാതാവ് എറീക്ക.