സി.പി.എം, ബി.ജെ.പി. നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണം - സതീശന്‍

Posted on: 03 Sep 2015കൊച്ചി: സംസ്ഥാനത്ത് വ്യാപകമായി അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന സി.പി.എം, ബി.ജെ.പി. നേതാക്കള്‍ക്കെതിരെ ഗൂഢാലോചനയ്ക്കു കേസെടുക്കണമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.
ഇരു വിഭാഗങ്ങളിലുംപെട്ട യുവത്വത്തെയാണ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇവര്‍ കുരുതി കൊടുക്കുന്നത്. അക്രമത്തിന് ആഹ്വാനം കൊടുക്കുകയും അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്ന നേതാക്കളെയാണ് ജയിലിലേക്ക് അയയ്‌ക്കേണ്ടത്. സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെയും ഹിന്ദുക്കളുടെയും സ്വയം പ്രഖ്യാപിത സംരക്ഷകര്‍ ചമയുകയാണ് ബിജെപിക്കാര്‍. അവരെ ആശയപ്രചാരണം കൊണ്ട് നേരിടേണ്ടതിനു പകരം ജന്മാഷ്ടമി ഘോഷയാത്ര നടത്തിയും ഗണേശോല്‍സവം സംഘടിപ്പിച്ചും നേരിടുന്നത് സി.പി.എമ്മിന്റെ പരിതാപകരമായ പതനത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.
ഭക്തിയുടെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന സംഘ പരിവാര്‍ ശക്തികളെയും അണികള്‍ ചോരുന്നത് തടയാന്‍ ആയുധം കൈയിലേന്തിയിരിക്കുന്ന സി.പി.എമ്മിനെയും ഉരുക്കു മുഷ്ടി കൊണ്ട് നേരിടാന്‍ സര്‍ക്കാരും പോലീസും തയ്യാറാകണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

More Citizen News - Ernakulam