മാനേജ്‌മെന്റുകളുടെ അശ്രദ്ധ മൂലം വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തില്‍

Posted on: 03 Sep 2015


വി.എം. അഭിജിത്‌എം.ജി. സ്വാശ്രയ ബിരുദപ്രവേശനം


കൊച്ചി:
എം.ജി. സര്‍വകലാശാലയുടെ കീഴിലുള്ള എയ്ഡഡ്-സ്വാശ്രയ കോളേജുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടിക്രമങ്ങളില്‍ വന്ന മാറ്റം കോളേജുകള്‍ ശ്രദ്ധിക്കാതെ പോയതിനെ തുടര്‍ന്ന് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷമുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് തീയതിയില്‍ യൂണിവേഴ്‌സിറ്റി വരുത്തിയ മാറ്റം ഭൂരിപക്ഷം കോളേജുകളും അശ്രദ്ധ മൂലം പിന്തുടരാന്‍ മറന്നതോടെ അഫിലിയേഷന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഇവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍. ഇത് ചൂണ്ടിക്കാട്ടി കോളേജുകള്‍ വൈസ്ചാന്‍സലറെ സമീപിച്ചെങ്കിലും അഡ്മിഷന്‍ നടപടികള്‍ പുനരാരംഭിക്കില്ലെന്നാണ് സര്‍വകലാശാലാ നിലപാട്.
എം.ജി.യുടെ കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ കോളേജുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആഗസ്ത് 31നാണ് പൂര്‍ത്തിയാകേണ്ടിയിരുന്നത്. ആഗസ്ത് 18ന് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റും തുടര്‍ന്നും സീറ്റുകളില്‍ ഒഴിവ് വന്നാല്‍ സ്‌പോട്ട്അലോട്ട്‌മെന്റും നടത്തി ആഗസ്ത് 31ന് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാനായിരുന്നു സര്‍വകലാശാലാ വിജ്ഞാപനം. ഒപ്പം കുട്ടികളുടെ അഫിലിയേഷന്‍ ഫീസും അടയ്ക്കണമായിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് ആഗസ്ത് 24ന് തന്നെ അഡ്മിഷന്‍ പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു. ഇത് സംബന്ധിച്ച് പുതിയ വിജ്ഞാപനം ഇറക്കിയതായും ഇത് ബന്ധപ്പെട്ട കോളേജുകള്‍ക്ക് അയച്ചതായും സര്‍വകലാശാല പറയുന്നു.
എന്നാല്‍ എറണാകുളം, കോട്ടയം മേഖലയിലെ പല പ്രമുഖ കോളേജ് മാനേജ്‌മെന്റുകളും പുതിയ വിജ്ഞാപനം ശ്രദ്ധിച്ചില്ല. ആഗസ്ത് 31 വരെ സമയം കിട്ടുമെന്ന് കരുതി വിദ്യാര്‍ത്ഥികളുടെ ഫീസ് ഇവരാരും അടച്ചില്ല. ജൂലായ് 15ന് അഡ്മിഷന്‍ കിട്ടിയ ആദ്യ അലോട്ട്‌മെന്റ് വിദ്യാര്‍ത്ഥികളുടെ ഫീസും ഇതില്‍ ഉള്‍പ്പെടുന്നു. ആഗസ്ത് 24ന് അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി അപ്രതീക്ഷിതമായി സര്‍വകലാശാല പറയുമ്പോഴാണ് പല മാനേജ്‌മെന്റുകളും തെറ്റ് മനസ്സിലാക്കുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ മാനേജ്‌മെന്റ് വിദ്യാഭ്യാസസ്ഥാപനത്തില്‍ 50ഓളം വിദ്യാര്‍ത്ഥികളാണ് അഫിലിയേഷന്‍ നഷ്ടപ്പെടലിന്റെ വക്കില്‍ നില്‍ക്കുന്നത്. കോട്ടയത്തെ ഏതാനും സ്ഥാപനങ്ങളിലും ഇതേ അവസ്ഥയുണ്ട്.
പ്രശ്‌നം സര്‍വ്വകലാശാലയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഇനി അഡ്മിഷന്‍ പുനരാരംഭിക്കില്ലെന്നാണ് വൈസ് ചാന്‍സലര്‍ പറഞ്ഞതെന്ന് ഒരു മാനേജ്‌മെന്റ് കോളേജ് പ്രതിനിധി പറഞ്ഞു. എല്ലാ കോളേജുകളെയും പുതുക്കിയ തീയതി അറിയിച്ചതാണെന്നാണ് സര്‍വകലാശാല പറയുന്നത്. പ്രിന്‍സിപ്പല്‍മാരെ, ഇ-മെയില്‍ ആയും എസ്.എം.എസ്. ആയും ഈ വിവരം അറിയിച്ചതാണ്. ആഗസ്ത് 24 വരെ കോളേജില്‍ ഫീസ് അടച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍വ്വകലാശാല അംഗീകരിക്കാമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

More Citizen News - Ernakulam