ആദ്യ തീര്‍ത്ഥാടകനായി അഹമ്മദ്
Posted on: 02 Sep 2015
കൊച്ചി: കോഴിക്കോട് അത്തോളിയില്‍ നിന്നുള്ള എഴുപതുകാരനായ അഹമ്മദും ഭാര്യ മറിയംബിയും ഹജ്ജ് ക്യാമ്പിലെത്തിയ ആദ്യ തീര്‍ത്ഥാടകരായി. ചൊവ്വാഴ്ച രാവിലെ തന്നെ ഇരുവരും ബന്ധുക്കളോടൊപ്പം ഹജ്ജ് ക്യാമ്പിലെത്തുകയായിരുന്നു. പടച്ചവന്റെ അനുഗ്രഹം തേടിയുള്ള യാത്ര വൈകിക്കാന്‍ പാടില്ലെന്നു പറഞ്ഞാണ് ഇരുവരും നിശ്ചിത സമയത്തിന് വളരെ മുമ്പുതന്നെ ക്യാമ്പിലെത്തിയത്.
അഹമ്മദും മറിയംബിയുമടക്കം 144 പേരാണ് കോഴിക്കോട്ടുനിന്ന് ആദ്യ ദിനം തന്നെ ഹജ്ജിന് പുറപ്പെടുന്നത്. 80 പേരുള്ള മലപ്പുറമാണ് രണ്ടാമത്തെ വലിയ സംഘം. എറണാകുളത്തു നിന്ന് 36-ഉം കണ്ണൂരില്‍ നിന്ന് 33-ഉം പേര് ആദ്യ ദിവസം യാത്രയാകുന്നുണ്ട്. ആലപ്പുഴ-4, കാസര്‍കോട്-10, കൊല്ലം-5, കോട്ടയം-2, പാലക്കാട്-5, പത്തനംതിട്ട-2, തൃശ്ശൂര്‍-4, തിരുവനന്തപുരം-2, വയനാട്-4 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ള കണക്ക്. ഇടുക്കിയില്‍ നിന്ന് ആദ്യ ദിനം ആരും ഹജ്ജിന് യാത്രയാകുന്നില്ല. മാഹിയില്‍ നിന്ന് ഒമ്പതുപേര്‍ ആദ്യ ദിനം പുറപ്പെടുന്ന സംഘത്തിലുണ്ട്.
എല്ലാ ദിവസവും 340 പേരാണ് ഒരു വിമാനത്തില്‍ ഹജ്ജിന് യാത്രയാകുന്നത്. എന്നാല്‍ ഒമ്പതിന് ഉച്ചയ്ക്കുള്ള വിമാനത്തില്‍ 240 പേര്‍ക്കാകും യാത്ര ചെയ്യാന്‍ കഴിയുന്നത്. രണ്ട് വയസ്സില്‍ താഴെയുള്ള നാല് കുട്ടികളും ഇത്തവണ ഹജ്ജിന് പോകുന്നുണ്ട്. ഈ വിഭാഗത്തില്‍ 21 പേര് അപേക്ഷിച്ചിരുന്നെങ്കിലും നാലുപേര്‍ക്കാണ് അവസരം കിട്ടിയത്.