പൊതു കിണറുകള്‍ കുപ്പത്തൊട്ടി

Posted on: 02 Sep 2015കാക്കനാട്: തൃക്കാക്കരയില്‍ വെള്ളം കിട്ടാതെ നാട്ടുകാര്‍ വലയുമ്പോള്‍ ജലസമ്പത്ത് ഏറെയുള്ള ഐടി നഗരത്തിലെ പൊതു കിണറുകള്‍ കുപ്പത്തൊട്ടികളായി മാറുന്നു. ജലസ്രോതസുകള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുന്ന സര്‍ക്കാരും ജില്ലാ ഭരണകൂടവും നഗരസഭയും ഇത്തരം കിണറുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
തൃക്കാക്കര നഗരസഭാപരിധിയില്‍ മാത്രം 30-ഓളം പൊതുകിണറുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ഭൂരിഭാഗവും കടുത്തവേനലില്‍ പോലും വറ്റാത്ത കിണറുകളാണ്.
കാക്കനാട് സിവില്‍ സ്റ്റേഷന് സമീപെത്തയും ചിറ്റേത്തുകര, തുതിയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെയും കിണറുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും കണ്‍മുന്നിലാണ് വെള്ളം യഥേഷ്ടമുള്ള പൊതുകിണറുകള്‍ ഉപയോഗശൂന്യമായി നശിക്കുന്നത്. കളക്ടര്‍ മുന്‍കൈ എടുത്തു നടപ്പാക്കുന്ന ജനകീയ സഹകരണത്തിലൂടെ ജലസംരക്ഷണം പദ്ധതിയില്‍ ഇത്തരം പൊതുകിണറുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന. പൊതുകിണറുകള്‍ നശിക്കുന്ന വിവരം നഗരസഭയില്‍ ഒട്ടേറെ തവണ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും സംരക്ഷണത്തിന് നടപടി ഉണ്ടായിട്ടില്ല.
തൃക്കാക്കര നഗരസഭാ പരിധിയില്‍ മാത്രമല്ല ജില്ലയില്‍ പലയിടത്തുമുള്ള പൊതുകിണറുകള്‍ പലവിധത്തില്‍ നശിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെ കിണറുകള്‍ നാട്ടുകാര്‍ കൂട്ടായ്മയോടെ ശുചീകരിച്ച് സംരക്ഷിക്കുന്നുണ്ടെങ്കിലും നഗരപ്രദേശങ്ങളില്‍ ഓരോ ദിവസവും കിണറുകള്‍ മലിനപ്പെടുകയാണ്. അഴുക്കുവെള്ളം കലര്‍ന്നും ഉപയോഗിക്കാതെയും സ്വകാര്യ കിണറുകളും ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുകയാണ്.

More Citizen News - Ernakulam