കക്കാട്ടില്‍ ക്ഷേത്രത്തിന് മുന്നിലെ കനാല്‍ പണി തീര്‍ക്കാത്തതില്‍ പ്രതിഷേധം
Posted on: 02 Sep 2015
പിറവം: കക്കാട്ടില്‍ ശ്രീപുരുഷമംഗലം ക്ഷേത്രത്തിന് മുന്നിലെ കനാല്‍ പണി തീരാത്തത് ഭക്തര്‍ക്ക് ബുദ്ധിമുട്ടായി. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാകാത്തവിധം വലിയ കിടങ്ങുപോലെയാണ് കനാല്‍. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മുമ്പ് പണി തീര്‍ക്കാമെന്ന ഉറപ്പുകള്‍ പാലിക്കാതെ, ചിലര്‍ ഭക്തരെ ബുദ്ധിമുട്ടിക്കുകയാണെന്ന് പരാതിയുണ്ട്. പാടശേഖരസമിതിയുടെ പേര് പറഞ്ഞ് ചിലര്‍ കനാല്‍ പണി തടസ്സപ്പെടുത്തുകയാണെന്ന് ക്ഷേത്രഭരണസമിതി പരാതിപ്പെട്ടു. ക്ഷേത്രവളപ്പിന് നടുവിലൂടെയായിരുന്ന കനാല്‍ ക്ഷേത്രഭരണസമിതിയുടെ ആവശ്യമനുസരിച്ചാണ് മാറ്റി സ്ഥാപിക്കുന്നത്. ഇവിടെ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള ഭാഗം സ്ലൂബിട്ട് മൂടിയാലെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാകുവെന്നിരിക്കെ ചിലര്‍ അതു തടയുകയാണെന്ന് ആക്ഷേപമുണ്ട്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരുടെയും അനുമതി കൂടാതെയാണ് ക്ഷേത്രവളപ്പിലൂടെ ചെറുകിട കനാല്‍ നിര്‍മ്മിച്ചത്.
ഏതാനും വര്‍ഷം മുമ്പ് കക്കാട് എന്‍.എസ്.എസ്. കരയോഗം ക്ഷേത്രം ഏറ്റെടുത്തതിനെതുടര്‍ന്നാണ് വികസനത്തിനു തുടക്കമായത്. ക്ഷേത്രക്കുളം സര്‍ക്കാറിന്റെ സഹായത്തോടെ പുനരുദ്ധരിക്കാന്‍ നടപടിയായി. ഊട്ടുപുരയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
വികസനത്തിന് തടസ്സമായ കനാല്‍ ഒരു വശത്തുകൂടി മാറ്റി നിര്‍മിക്കാനുള്ള പണി തുടങ്ങിയിട്ട് മൂന്ന് മാസത്തിലേറെയായി. ദേവസ്വം സമിതിയുടെയും പിറവം ഗ്രാമപഞ്ചായത്തിന്റെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സര്‍ക്കാര്‍ 15 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയത്. ദേവസ്വം സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്ത് കൂടി ആഴത്തില്‍ കനാല്‍ നിര്‍മ്മിച്ച് കോണ്‍ക്രീറ്റ് ചെയ്തുകഴിഞ്ഞു. ഇതില്‍ ക്ഷേത്രത്തിന് മുന്നില്‍ വരുന്ന 100 മീറ്റര്‍ ഭാഗം സ്ലൂബിട്ട് മൂടുന്നതിന് ചിലര്‍ തടസ്സം നില്‍ക്കുകയാണെന്ന് ദേവസ്വം സമിതി ഭാരവാഹികളായ സി.സി. ശ്രീകുമാര്‍, പി.കെ. സുരേന്ദ്രന്, കെ.ബി. അശോകന് എന്നിവര്‍ അറിയിച്ചു.
സപ്തംബര്‍ 5ന് നൂറ് കണക്കിന് കുഞ്ഞുങ്ങള്‍ പങ്കെടുക്കുന്ന ശോഭായാത്രയുണ്ട്. ശോഭായാത്രയ്ക്ക് ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയുമാറ് കനാലിന്റെ പണി അടിയന്തരമായി തീര്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.