തീര്‍ത്ഥാടകരെത്തി, ഹജ്ജ് ക്യാമ്പ് ഉണര്‍ന്നു

Posted on: 02 Sep 2015
കൊച്ചി:
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...അല്ലാഹുവേ നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു. നിന്റെ വിളികേട്ട് ഞാനിതാ വന്നിരിക്കുന്നു...പ്രപഞ്ചനാഥനോടുള്ള നിലയ്ക്കാത്ത പ്രാര്‍ത്ഥനകളുമായി തീര്‍ത്ഥാടകരെത്തിയതോടെ ഹജ്ജ് ക്യാമ്പ് ഉണര്‍ന്നു. നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേര്‍ന്ന് തുടങ്ങിയ ക്യാമ്പിലേക്ക് ചൊവ്വാഴ്ച രാവിലെ മുതല്‍ തീര്‍ത്ഥാടകരുടെ വരവ് തുടങ്ങിയിരുന്നു. ബുധനാഴ്ച പണിമുടക്ക് ആയതിനാല്‍ വ്യാഴാഴ്ച യാത്ര പുറപ്പെടേണ്ടവരില്‍ പലരും ചൊവ്വാഴ്ച വൈകുന്നേരത്തോടെ ക്യാമ്പിലെത്തിയിരുന്നു.

തീര്‍ത്ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന്റെ തലേദിവസം വൈകുന്നേരം നാലിനും ആറിനുമിടയിലാണ് തീര്‍ത്ഥാടകര്‍ ക്യാമ്പിലെത്തേണ്ടത്. തീര്‍ത്ഥാടകരുടെ രജിസ്‌ട്രേഷന് വിപുലമായ സൗകര്യങ്ങള്‍ ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷനു ശേഷം എയര്‍ ഇന്ത്യ കൗണ്ടറില്‍ നിന്നാകും തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസുകളും മറ്റ് യാത്രാരേഖകളും നല്‍കുന്നത്.

തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങളും ക്യാമ്പിലുണ്ട്. ഒരേസമയം 200 പേര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീര്‍ത്ഥാടകരുടെ നമസ്‌കാരം അടക്കമുള്ള പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കാനും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാ ദിവസം പുലര്‍ച്ചെ മുതല്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവിയുടെ നേതൃത്വത്തിലുള്ള തസ്‌കിയത്ത് കമ്മിറ്റിയാകും തീര്‍ത്ഥാടകരുടെ കാര്യങ്ങള്‍ നോക്കുന്നത്.

സിയാല്‍, വിമാനത്താവള സെക്യൂരിറ്റി വിഭാഗം, ഹജ്ജ് കമ്മിറ്റി എന്നിവയിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് ഹജ്ജ് ഒരുക്കങ്ങള്‍ വിലയിരുത്തി. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ്പ് ഡെസ്‌കും ഹാജിമാര്‍ക്ക് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപവും ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പണിമുടക്ക് തീര്‍ത്ഥാടകരെ ബാധിക്കാതിരിക്കാനും ഹജ്ജ് കമ്മിറ്റി പരമാവധി ശ്രമിക്കുന്നുണ്ട്. ഹജ്ജ് തീര്‍ത്ഥാടകരുടെ വാഹനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നാണ് തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചിട്ടുള്ളതെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു.

തീര്‍ത്ഥാടകരെ യാത്രയയയ്ക്കാന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ ബുധനാഴ്ച ഉച്ചയോടെ ഹജ്ജ് ഹൗസിലെത്തും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍, ഹജ്ജ് സെല്‍ ഓഫീസര്‍ യു. അബ്ദുല്‍ കരീം, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ഇ.സി. മുഹമ്മദ്, എ.എം. ഷബീര്‍, എം. അഹമ്മദ് മൂപ്പന്‍, എച്ച്. ബാബു സേട്ട് തുടങ്ങിയവരാണ് ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

More Citizen News - Ernakulam