ചമ്പക്കര മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതെ മെട്രോ നിര്‍മാണം നടത്തും - ഏലിയാസ് ജോര്‍ജ്
Posted on: 02 Sep 2015
കൊച്ചി: ചമ്പക്കര മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധം കൊച്ചി മെട്രോ നിര്‍മാണം നടത്തുമെന്ന് കെ.എം.ആര്.എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ്. ഇതിനായി മാര്‍ക്കറ്റിന് അനുബന്ധമായി പ്രദേശ വികസന പദ്ധതി രൂപവത്കരിക്കും. എന്നാല്‍ മെട്രോയുടെ രൂപരേഖ മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ചമ്പക്കര മാര്‍ക്കറ്റ് സന്ദര്‍ശനത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ്, മുന്‍ ഡെപ്യൂട്ടി മേയര്‍ സി.കെ. മണിശങ്കര്‍, ചമ്പക്കര മാര്‍ക്കറ്റ് സംരക്ഷണ സമിതി രക്ഷാധികാരി അഡ്വ. എന്‍. സതീഷ്, കണ്‍വീനര്‍ കെ.കെ. ശിവന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മെട്രോ പദ്ധതിയുടെ ഭാഗമായി റോഡ് വികസിപ്പിക്കുമ്പോള്‍ നാലുവരി ഗതാഗതം നിലവില്‍ വരും. ഇതിനായി നിലവില്‍ ചമ്പക്കരയിലുള്ള പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മിക്കും. ഇതോടെ മാര്‍ക്കറ്റിന്റെ പ്രധാന ഭാഗം നഷ്ടമാകും. ഇത് പ്രവര്‍ത്തനത്തെ ബാധിക്കും. മാര്‍ക്കറ്റിലേക്ക് സുഗമമായി വാഹനങ്ങള്‍ പ്രവേശിക്കുന്ന വിധത്തില്‍ പാലം നിര്‍മിക്കുക, മാര്‍ക്കറ്റിനോടു ചേര്‍ന്നുള്ള 60 സെന്റ് സ്ഥലം ഏറ്റെടുത്ത് വികസനത്തിനായി ലഭ്യമാക്കുക, സര്‍വീസ് റോഡിന്റെ ആവശ്യം നിറവേറ്റുന്നതിന് എരൂര്‍ ഭാഗത്തുനിന്ന് മാര്‍ക്കറ്റിനകത്തു കൂടിയുള്ള റോഡ് പുഴയോരത്തു കൂടി പഴയ വണ്ടിപ്പേട്ട ഭാഗത്തേക്ക് എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും സംരക്ഷണ സമിതി ഉയര്‍ത്തിയിരുന്നു. ആവശ്യങ്ങള്‍ ഉന്നയിച്ച് അധികൃതര്‍ക്ക് നിരവധി തവണ നിവേദനവും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കെ.എം.ആര്.എല്‍. എം.ഡി. മാര്‍ക്കറ്റ് സന്ദര്‍ശിച്ചത്.
നിലവിലുള്ള രീതിയില്‍ മെട്രോ നിര്‍മാണം നടത്തിയാല്‍ ചമ്പക്കര മാര്‍ക്കറ്റ് സ്തംഭിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് പറഞ്ഞു. ഇത് ഒഴിവാക്കാന്‍ കൂടുതല്‍ ഭൂമി ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. ഇത് കെ.എം.ആര്.എല്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രധാന മത്സ്യ മാര്‍ക്കറ്റുകളിലൊന്നാണ് ചമ്പക്കര. പ്രതിദിനം ശരാശരി 30 ലക്ഷത്തിലധികം രൂപയുടെ വ്യാപാരമാണ് ഇവിടെ നടക്കുന്നത്. അയ്യായിരത്തോളം പേര് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നു. മെട്രോ നിര്‍മാണ പ്രവര്‍ത്തനം മാര്‍ക്കറ്റിനെ ബാധിക്കരുതെന്ന് ആവശ്യപ്പെട്ട് ചമ്പക്കര മാര്‍ക്കറ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തോളമായി ഇവിടെ തൊഴിലാളികള്‍ പ്രക്ഷോഭങ്ങള്‍ നടത്തി വരികയാണ്.