റിതിന്റെ ശസ്ത്രക്രിയയ്ക്ക് സഹപാഠികള്‍ ശേഖരിച്ച പണം കൈമാറി

Posted on: 02 Sep 2015കോതമംഗലം: റിതിന്റെ ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായവും അതിലേറെ കര്‍മ്മ നൈപുണ്യവുമായി വിദ്യാര്‍ഥികളും അധ്യാപകരും ഒരുമിച്ചപ്പോള്‍ സമാഹരിച്ചത് പതിനഞ്ച് ലക്ഷം രൂപ. കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി റിതിന്‍ ബാബുവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ധനം സമാഹരിച്ചത്.സഹപാഠികളും അധ്യാപകരും ഇതിനായി അഹോരാത്രം കോതമംഗലത്തും പരിസരത്തുമുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും കയറിയിറങ്ങിയാണ് പണം സ്വരൂപിച്ചത്.കോതമംഗലം പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനും സംരംഭത്തില്‍ പങ്കാളിയായി. നിര്‍ധന കുടുംബാംഗമായ റിതിനും വൃക്കദാതാവിനും ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായിട്ടാണ് വിദ്യാര്‍ഥികള്‍ ബക്കറ്റു പിരിവും നടത്തി. സ്റ്റാര്‍ ബസ് ഒരു ദിവസത്തെ കളക്ഷനിലൂടെയാണ് തുക സമാഹരിച്ച് നല്‍കിയത്. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റാണ് ഇതിന് നേതൃത്വം നല്‍കിയത്. ധനശേഖരണത്തിലൂടെ സ്വരൂപിച്ച പതിനഞ്ച് ലക്ഷം രൂപ മേഖല മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസേബിയോസ് റിതിന്റെ സഹോദരന്‍ റിബിന് കൈമാറി. സ്‌കൂള്‍ മാനേജര്‍ സി.പി.കുര്യാക്കോസ് അധ്യക്ഷനായി.വികാരി ഫാ.സിബി ഇടത്തില്‍, പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് മാത്യു, ഹെഡ്മാസ്റ്റര്‍ എന്‍.ഡി.ഗീവര്‍ഗീസ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ടെജി പൗലോസ്, ബസ് ഓണേഴ്‌സ് സെക്രട്ടറി ജോജി, മാനേജര്‍ തങ്കച്ചന്‍, പി.ടി.എ പ്രസിഡന്റ് ബിനോയ് തോമസ് എന്നിവര്‍ സംസാരിച്ചു.


More Citizen News - Ernakulam