പിഴല ദ്വീപില്‍ ചാരായ വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്; രണ്ട് പേര് പിടിയില്‍
Posted on: 02 Sep 2015
ആലുവ: പിഴല ദ്വീപില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന ചാരായ വാറ്റ് കേന്ദ്രം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. വാറ്റുചാരായ നിര്‍മാണ യൂണിറ്റ് സ്ഥിതി ചെയ്തിരുന്ന വീടിന്റെ ഉടമയേയും ചാരായം ഉണ്ടാക്കി കൊണ്ടിരുന്ന സര്‍ക്കാര്‍ ജീവനക്കാരനേയും പിടികൂടി.
വീട്ടുടമസ്ഥന് കടമക്കുടി പിഴല കണക്കശ്ശേരി വീട്ടില്‍ ആന്റണി (57), വാറ്റികൊണ്ടിരുന്ന കടമക്കുടി പിഴല കൈതവളപ്പില്‍ ഷിബു (41) എന്നിവരെയാണ് സി.ഐ. ടി.എസ്. ശശികുമാറും സംഘവും പിടികൂടിയത്. ജലഗതാഗത വകുപ്പില്‍ സ്രാങ്കാണ് ഷിബു.
എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ. സുരേഷ്ബാബുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സാജന് പോള്‍, ടി.ഡി. ജോസ്, സുനീഷ്കുമാര്‍, സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു. മയക്കുമരുന്ന്, വ്യാജമദ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും നേരിട്ട് എക്സൈസില്‍ വിളിച്ചറിയിക്കാമെന്ന് സി.ഐ. പറഞ്ഞു. ഫോണ്‍ നമ്പര്‍: 9400069550, 0484 2627480.