നാലരക്കോടി ചെലവില്‍ കാക്കൂര്‍ - അരുവിക്കല്‍ റോഡ് ടാര്‍ ചെയ്തു; തകര്‍ന്ന സംരക്ഷണ ഭിത്തി പുനര്‍നിര്‍മിച്ചില്ല

Posted on: 02 Sep 2015പിറവം: ടൂറിസം വികസന പദ്ധതിയിന്‍ കീഴില്‍ നിലവാരമുയര്‍ത്തി ടാര്‍ ചെയ്ത കാക്കൂര്‍ - അരുവിക്കര റോഡിന്റെ തകര്‍ന്ന സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കണമെന്ന ആവശ്യമുയര്‍ന്നു. പാലപ്പിള്ളിത്താഴം ഭാഗത്ത് നിര്‍മിച്ച കരിങ്കല്‍ ഭിത്തിയാണ് പതിനഞ്ച് മീറ്ററിലേറെ നീളത്തില്‍ തകര്‍ന്നത്. നാലരക്കോടി രൂപ ചെലവിലാണ് റോഡ് വീതി കൂട്ടി ടാര്‍ ചെയ്തത്. റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തു. ഏറെ പഴക്കമുള്ള സംരക്ഷണഭിത്തി അപകടാവസ്ഥയിലാണെന്നറിയാതെയല്ല റോഡ് ടാര്‍ ചെയ്തതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ബലക്ഷയമുള്ള ഭാഗങ്ങളെങ്കിലും പൊളിച്ചു പണിയണമെന്ന് ഡി.വൈ.എഫ്.ഐ. അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടുവെങ്കിലും ഉത്തരവാദപ്പെട്ടവര്‍ അവഗണിക്കുകയായിരുന്നു.
റോഡിലെ നീരൊഴുക്ക് സുഗമമാക്കാന്‍ കാന നിര്‍മിക്കാന്‍ തുടങ്ങിയപ്പോഴാണ് സംരക്ഷണഭിത്തി തകര്‍ന്നതെന്ന് ഡി.വൈ.എഫ്.ഐ. കൈനി യൂണിറ്റ് സെക്രട്ടറി വി.കെ.വിനേഷ് പരാതിപ്പെട്ടു. ഒരു തണല്‍മരം െവച്ചു പിടിപ്പിക്കാന്‍ പോലും സൗകര്യമില്ലാത്ത നിലയിലാണ് റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. ജലവിതരണ കുഴലുകളും ടെലിഫോണ്‍ കേബിളുകളുമെല്ലാം കോണ്‍ക്രീറ്റ് ചെയ്തതിനടിയിലാണ്. ഇവയൊന്നും അറ്റകുറ്റപ്പണി ചെയ്യാന്‍ സൗകര്യമില്ല.
റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനു മുമ്പ്, സംരക്ഷണഭിത്തി പുതുക്കിപ്പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. ഇതോടെ ഈ ഭാഗം അപകടമേഖലയായി മാറിയെന്ന് പരാതിയുണ്ട്.

More Citizen News - Ernakulam