വിളമ്പാം റോസ്...മറക്കല്ലേ മോയ സ്വഹ്ഹ
Posted on: 02 Sep 2015
കൊച്ചി: ആദ്യം റോസ് വിളമ്പാം...അതിനൊപ്പം ലഹ്മു ദുജാജ് ആയാലോ...എവിടെപ്പോയാലും മോയ സ്വഹ്ഹ എടുക്കാന്‍ മറക്കരുതേ....
പറഞ്ഞതൊന്നും മനസ്സിലായില്ല അല്ലേ; എന്നാല്‍ ഇനി പച്ചമലയാളത്തില്‍ പറയാം: റോസ് എന്നാല്‍ ചോറ് എന്നാണര്‍ത്ഥം. ലഹ്മു ദുജാജെന്നു പറഞ്ഞാല്‍ കോഴിയിറച്ചി...മിനറല്‍ വാട്ടറാണ് മോയ സ്വഹ്ഹ-ഇപ്പോ കാര്യങ്ങള്‍ മനസ്സിലായോ.
കേട്ടാല്‍ ഞെട്ടുന്ന അറബി വാക്കുകള്‍ പഠിക്കുന്ന തിരക്കിലാണ് ഹജ്ജ് ക്യാമ്പിലെ പല ഹാജിമാരും. ഹജ്ജിനായി മക്കയിലും മദീനയിലുമൊക്കെയെത്തുമ്പോള് അത്യാവശ്യം ഭാഷ അറിഞ്ഞില്ലെങ്കില്‍ കുഴഞ്ഞുപോയാലോ എന്നാണ് പലരുടെയും പേടി.
ഹാജിമാര്‍ക്ക് നല്കുന്ന കൈപ്പുസ്തകത്തില്‍ അത്യാവശ്യമുള്ള അറബിവാക്കുകള്‍ പരിചയപ്പെടുത്തുന്നുണ്ട്. മിക്ക വാക്കുകളും കടുകട്ടിയാണെന്നാണ് ഹാജിമാരുടെ പരാതി. ഈ വയസ്സുകാലത്ത് ഇത്ര കട്ടിയുള്ള ഭാഷ പഠിക്കണോ പടച്ചോനേയെന്നാണ് ചില ഹാജിമാര്‍ ചോദിച്ചത്. എല്ലാവരും ഒരേ സ്വരത്തില്‍ സ്വീകരിച്ച ഒരു വാക്ക് ശായ് ആണ്...ചായയ്ക്ക് അറബിയില്‍ പറയുന്നത് ശായ് എന്നാണ്. ബസ്സിന്റെ അറബി വാക്കായ ബാസ് എന്നതും എളുപ്പമാണെന്ന് ഇവര്‍ പറയുന്നു.
വിമാനത്താവളത്തിലെത്തുമ്പോള്‍ അത്യാവശ്യം വേണ്ട ചില അറബി വാക്കുകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും ഹാജിമാരോട് പറയുന്നുണ്ട്. പാസ്പോര്‍ട്ടിന് ജവാസ് എന്നും വിമാനത്താവളത്തിന് മതാര്‍ എന്നും പറയുന്നത് ഓര്‍ത്തിരുന്നാല്‍ നന്നാകുമെന്നാണ് ഹാജിമാര്‍ക്കുള്ള ഉപദേശം. ജവാസ് എന്നത് പാസ്പോര്ട്ടാകുമ്പോള് ജവാല്‍ എന്നത് ഫോണിന്റെ അറബി വാക്കാണ്. ഇതും അത്യാവശ്യമായി അറിഞ്ഞിരിേക്കണ്ട ഒരു വാക്കാണ്.
അറബി വാക്കുകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണെങ്കിലും അത് പഠിച്ചില്ലെന്ന് കരുതി ഹാജിമാര്‍ ഒട്ടും വിഷമിക്കേണ്ട. ഏതു കാര്യത്തിനും വളണ്ടിയര്‍മാര്‍ കൂടെയുണ്ടാകും. ആവശ്യമുള്ള കാര്യങ്ങള്‍ കൃത്യമായി ചോദിക്കണമെന്നു മാത്രം. ഒന്നുമറിയാത്തവര്‍ ഒരു വാക്യം പഠിച്ചിരിക്കുന്നത് നന്നായിരിക്കും - അന മാഫീ മാലൂം. എനിക്കറിയില്ല എന്നതിന്റെ അറബിയാണ് അന മാഫീം മാലും.