കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനം; പദ്ധതി അട്ടിമറിക്കരുതേ
Posted on: 02 Sep 2015
ഫോര്‍ട്ടുകൊച്ചി: കടലും കായലും കൈകോര്‍ക്കുന്ന തന്ത്രപ്രധാന മേഖലയായ കൊച്ചി തീരത്ത് സംസ്ഥാന തീരദേശ പോലീസ് ആസ്ഥാനം സ്ഥാപിക്കുന്നതിനുള്ള പദ്ധതി പാളുന്നു..
ആസ്ഥാനമന്ദിരത്തിനുവേണ്ടി ഫോര്‍ട്ടുകൊച്ചി ബിഷപ്പ് ഹൗസിനടുത്ത് പത്ത് സെന്റ് ഭൂമി കണ്ടെത്തിയിരുന്നു. ആഭ്യന്തര വകുപ്പിന്റേതാണ് ഈ ഭൂമി.
എന്നാല്‍, ഈ ഭൂമിയില്‍ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനെതിരെ ചിലര്‍ രംഗത്തു വന്നതോടെ ആഭ്യന്തര വകുപ്പ് പതുക്കെ പിന്‍വാങ്ങിയിരിക്കുകയാണ്. മൂന്നരക്കോടി രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിന് തീയതിയും നിശ്ചയിച്ചിരുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി എത്തി ശിലയിടുമെന്ന് പ്രഖ്യാപനവുമുണ്ടായി.
ഇതിനിടയില്‍ പോലീസ് തന്നെ ശിലാസ്ഥാപനച്ചടങ്ങിന്റെ ക്ഷണപത്രവും പുറത്തിറക്കി.
പൊടുന്നനെയായിരുന്നു ചരടുവലികള്‍. ബിഷപ്പ് ഹൗസിനും, സ്കൂളിനും അടുത്തു കിടക്കുന്ന ഭൂമിയില്‍ പോലീസ് ആസ്ഥാനം വരുന്നതിനെതിരെ സംഘടിതമായ നീക്കമാണുണ്ടായത്. എതിര്‍പ്പുണ്ടെന്ന് കേട്ടപ്പോള്‍ തന്നെ അധികൃതര്‍ പിന്തിരിഞ്ഞോടി. രാജ്യരക്ഷയ്ക്കും, കടലോരത്തെ മനുഷ്യരുടെ ജീവന് രക്ഷയ്ക്കുമൊക്കെ പ്രയോജനപ്പെടുത്താവുന്ന ഒരു സേനയുടെ ആസ്ഥാന മന്ദിരം പണിയുന്നതിന് തീരുമാനമെടുക്കുമ്പോള്‍, എതിര്‍പ്പുകളുണ്ടെങ്കില്‍ അതു നേരിടുവാന്‍ സര്‍ക്കാരിന് കഴിയണം. പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അതു പരിശോധിക്കണം. ആശങ്കയുണ്ടെങ്കില്‍ അതു പരിഹരിക്കണം.
ഫോര്‍ട്ടുകൊച്ചിയില്‍ ആസ്ഥാന മന്ദിരം പണിേയണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, സ്ഥലം എംഎല്‍എ ഡൊമിനിക് പ്രസന്റേഷനോടും, എം.പി. പ്രൊഫ. കെ.വി. തോമസിനോടും പറഞ്ഞിരുന്നു.
അതിനിടയില്‍ എതിര്‍പ്പ് ഉന്നയിക്കുന്നവരുമായി ആഭ്യന്തരവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചില ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉദ്യോഗസ്ഥതലത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്നാണ് വിലയിരുത്തല്‍. പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയമായ സ്വാധീനമുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ജനപ്രതിനിധികളും ആരെയൊക്കെയോ ഭയക്കുന്നു.
സര്‍ക്കാരിന്റെ ഭൂമിയില്‍, ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുവാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. പദ്ധതിക്ക് എതിര്‍പ്പുമായി ജനകീയ സംഘടനകളൊന്നും രംഗത്തു വന്നിട്ടില്ല.
ഇന്ത്യയുടെ തീരദേശങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. കൊച്ചിയില്‍ പ്രത്യേകിച്ച് ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. നൂറുകണക്കിന് ബോട്ടുകളും യാത്രാബോട്ടുകളും കപ്പലുകളുമൊക്കെ കടന്നുപോകുന്ന കൊച്ചിയില്‍ തന്നെ സംസ്ഥാന തീരദേശ പോലീസിന്റെ ആസ്ഥാനം വേണമെന്ന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യപ്പെട്ടതാണ്. ഇവിടെ തടസ്സമുണ്ടായാല്‍ ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നുണ്ട്. തീരദേശ പോലീസ് ആസ്ഥാനം കൊച്ചിയില്‍ വരുന്നതിന് രാഷ്ട്രീയമായ ഇടപെടലാണ് വേണ്ടത്.
കഴിഞ്ഞ ദിവസം ബിജെപി നേതാവ് ഒ. രാജഗോപാല്‍ ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ കാര്യങ്ങളില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച കാണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.