'സ്‌കൂള്‍ ചലേം ഹം' പദ്ധതി തുടങ്ങി

Posted on: 02 Sep 2015പെരുമ്പാവൂര്‍: കേരളത്തില്‍ വളരുന്ന കുട്ടികളെല്ലാം സാക്ഷരരായിരിക്കണമെന്ന സര്‍ക്കാറിന്റെ അഭിലാഷം 'സ്‌കൂള്‍ ചലേം ഹം' പദ്ധതിയിലൂടെ പ്രാവര്‍ത്തികമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. കേരള സര്‍വശിക്ഷാ അഭിയാന്‍ 'മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂള്‍ പ്രവേശനം' എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'സ്‌കൂള്‍ ചലേം ഹം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ കണ്ടന്തറ ഗവ. യു.പി. സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബംഗാള്‍, ഒഡിഷ, അസം, തമിഴ്‌നാട്, ബിഹാര്‍ സംസ്ഥാനങ്ങളിലുള്ള നൂറില്പരം വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.
ഈ സര്‍ക്കാര്‍ വന്നതിനു ശേഷം എം.എല്‍.എ. ഫണ്ട് ഒരു ലക്ഷത്തില്‍ നിന്ന് 6 ലക്ഷമാക്കി ഉയര്‍ത്തി. ഭൂരിപക്ഷം എം.എല്‍.എ.മാരും തുക വിദ്യാഭ്യാസ മേഖലയിലാണ് ചെലവഴിച്ചത്. കെട്ടിടമില്ല, സൗകര്യമില്ല, പാഠപുസ്തകങ്ങളില്ല തുടങ്ങിയ പരിമിതികളെല്ലാം ഇന്ന് സര്‍ക്കാര്‍ സ്‌കൂളുകള്‍ മറികടന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പഠിക്കാന്‍ കുറച്ചുപേര്‍, സമരം ചെയ്യാന്‍ കുറച്ചുപേര്‍ എന്നതായിരുന്നു പണ്ടത്തെ സ്ഥിതി. ഇന്നത്തെ തലമുറയ്ക്കും രക്ഷിതാക്കള്‍ക്കും ലക്ഷ്യബോധമുണ്ടെന്നും മന്ത്രി പറഞ്ഞു.
അന്യ ദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി പഠനോപകരണങ്ങള്‍ വിതരണം െചയ്തു. സാജു പോള്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എസ്.എസ്.എ. പ്രോഗ്രാം ഓഫീസര്‍ അബ്ദുള്ള വാവൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സോമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷെമീര്‍, പഞ്ചായത്ത് പ്രസിഡന്റ് എം.എം. അവറാന്‍, ഡി.ഇ.ഒ. എം.കെ. ഷൈന്‍മോന്‍, സ്​പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം.പി. അബ്ദുള്‍ഖാദര്‍, എസ്.എസ്.എ. സംസ്ഥാന േപ്രാജക്ട് ഓഫീസര്‍ ഡോ. ഇ.പി. മോഹന്‍ദാസ്, ജില്ലാ േപ്രാജക്ട് ഓഫീസര്‍ ഡോ. പി.എ. കുഞ്ഞുമുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. അബ്ദുള്‍ മുത്തലിബ്, ബാബു സെയ്താലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത ഘോഷയാത്ര നടന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 6 വയസ്സ് മുതല്‍ 14 വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികളുടേയും വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍വശിക്ഷാ അഭിയാന്‍ നടത്തിയ സര്‍വേയില്‍ സ്‌കൂള്‍ പ്രവേശനം നേടാത്ത ധാരാളം കുട്ടികളെ കണ്ടെത്തിയിരുന്നു. ഭിന്നശേഷിയുള്ളവരും പിന്നാക്ക പ്രദേശങ്ങളിലുള്ളവരുമായ കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.

More Citizen News - Ernakulam