മത്സ്യത്തൊഴിലാളി മേഖലയിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനം 4ന്‌

Posted on: 02 Sep 2015കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്ന നൂതന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കള്‍ക്കുള്ള വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡ് വിതണവും ധനസഹായ വിതരണവും സപ്തംബര്‍ നാലിന് നടക്കും. മന്ത്രി കെ. ബാബു എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം നിര്‍വഹിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള സംസ്ഥാനതല വിദ്യാഭ്യാസ അവാര്‍ഡ് വിതരണം മേയര്‍ ടോണി ചമ്മണിയും അനുബന്ധ തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കെ.വി. തോമസ് എംപിയും നിര്‍വഹിക്കും.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ കായിക മത്സരങ്ങളില്‍ ദേശീയ തലത്തില്‍ 1, 2, 3 സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ദേശീയ തലത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവര്‍ക്കും അവാര്‍ഡ് നല്‍കും. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കള്‍ക്കുള്ള വിവാഹ ധനസഹായം വിതരണം എസ്. ശര്‍മ്മ എംഎല്‍എ നിര്‍വഹിക്കും. കായിക മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ബെന്നി ബഹനാന്‍ എംഎല്‍എയും ചികിത്സാ ധനസഹായ വിതരണം വി.ഡി. സതീശന്‍ എംഎല്‍എയും നിര്‍വഹിക്കും. മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള ഇന്‍ഷുറന്‍സ് ധനസഹായം ലൂഡി ലൂയീസ് എംഎല്‍എ വിതരണം ചെയ്യും. അനുബന്ധ തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി നിര്‍വഹിക്കും. മത്സ്യഫെഡ് ചെയര്‍മാന്‍ വി. ദിനകരന്‍ സാഫ് മുഖേനയുള്ള ധനസഹായം വിതരണം ചെയ്യും. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ആശ്രിതര്‍ക്കുള്ള മരണാനന്തര ധനസഹായം വിതരണം കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുധ ദിലീപ്കുമാര്‍ നിര്‍വഹിക്കും.
ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

More Citizen News - Ernakulam