പാലിശ്ശേരി ഗവ. ഹൈസ്‌കൂളിന് മികച്ച പി.ടി.എ. അവാര്‍ഡ്‌

Posted on: 02 Sep 2015അങ്കമാലി: അങ്കമാലി ഉപജില്ലയിലെ മികച്ച സ്‌കൂള്‍ പിടിഎയ്ക്കുള്ള അവാര്‍ഡ് പാലിശ്ശേരി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ കരസ്ഥമാക്കി. തുടര്‍ച്ചയായി നാലാം തവണയാണ് പാലിശ്ശേരി സ്‌കൂളിന് ഈ അവാര്‍ഡ് ലഭിക്കുന്നത്.
കുട്ടികളുടെ എണ്ണം കൂടുന്നതുമൂലം എല്ലാ വര്‍ഷവും പുതിയ ഡിവിഷന്‍ ആരംഭിക്കുന്ന ഉപജില്ലയിലെ ഏക വിദ്യാലയമാണ് ഇത്. 784 കുട്ടികളാണ് ഇപ്പോള്‍ അധ്യയനം നടത്തുന്നത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഡ്രോയിങ്, ഡാന്‍സ്, പ്രവൃത്തി പരിചയം തുടങ്ങിയവയ്ക്കും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും പിടിഎയുടെ നേതൃത്വത്തില്‍ പ്രത്യേക ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നു.
ഇടപ്പള്ളി ഗവ. ടിടിഐയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അവാര്‍ഡ് സമ്മാനിച്ചു. പിടിഎ പ്രസിഡന്റ് കെ.വി. അജീഷ്, എഇഒ പി.പി. റുഖിയ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍, പ്രധാനാധ്യാപിക പി.എച്ച്. ജമീലാമ്മാള്‍, സീനിയര്‍ അസിസ്റ്റന്റ് ഡോളി ആന്റണി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

More Citizen News - Ernakulam