മാഞ്ഞാലിത്തോടിന്റെ രണ്ടാംഘട്ട വികസനം ഉടന്‍

Posted on: 02 Sep 2015അങ്കമാലി: അങ്കമാലി-മാഞ്ഞാലി തോടിന്റെ വെട്ടിപ്പുഴക്കാവ് ശ്രീ ഭഗവതീക്ഷേത്രം മുതല്‍ മധുരപ്പുറം പാലം വരെയുള്ള ഭാഗത്തെ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങും. 14.5 കോടി രൂപയാണ് രണ്ടാം ഘട്ടത്തിനായി അനുവദിച്ചിരിക്കുന്നത്.
തോടിന്റെ വികസനത്തിന് 55 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി നബാര്‍ഡിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും 2007 ല്‍ ആദ്യഘട്ടമായി 5.5 കോടി രൂപയാണ് അനുവദിച്ചത്. മൂന്നുതോടു മുതല്‍ പൂതാംതുരുത്ത് വരെയുള്ള ഒന്നാംഘട്ടം (5.5 കീ.മി) 2008 ല്‍ തുടങ്ങി. കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് രണ്ടാംഘട്ടത്തിന് സംസ്ഥാന സര്‍ക്കാറും നബാര്‍ഡും അനുമതി നല്കുകയായിരുന്നു.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നബാര്‍ഡ് 12.35 കോടി രൂപയ്ക്ക് ഭരണാനുമതി നല്കിയെങ്കിലും സമയബന്ധിതമായി മറ്റ് നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്ന് പ്രവൃത്തി 14.5 കോടി രൂപയുടേതായി പുതുക്കേണ്ടിവന്നു.
സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് പ്രവൃത്തി തുടങ്ങാന്‍ വൈകിയതിലൂടെ 2.5 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായത്. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും പ്രവൃത്തികള്‍ അടിയന്തരമായി തുടങ്ങാന്‍ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട്്്് വകുപ്പ് മന്ത്രിക്ക് ഒട്ടേറെ തവണ നിവേദനം സമര്‍പ്പിച്ചെങ്കിലും നടപടികളായില്ലെന്ന് ജോസ് തെറ്റയില്‍ ആരോപിച്ചു.
അങ്കമാലിയിലെ മൂന്നുതോടില്‍ നിന്ന് ആരംഭിച്ച് മാഞ്ഞാലിയില്‍ പെരിയാര്‍ വരെ ഒഴുകുന്ന അങ്കമാലി - മാഞ്ഞാലി തോട് പദ്ധതി 19.75 കീ.മി. ദൈര്‍ഘ്യമുള്ളതാണ്. അങ്കമാലി - പാറക്കടവ് ബ്ലോക്കുകളിലായി 3000 ഹെക്ടറോളം വരുന്ന കൃഷി നിലം ഉപയോഗയോഗ്യമാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി.

More Citizen News - Ernakulam