കരുമാല്ലൂരിലെ കൃഷിയിറക്കല്‍ അനിശ്ചിതത്വത്തില്‍

Posted on: 02 Sep 2015കരുമാല്ലൂര്‍: വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും അനാസ്ഥയും കരുമാല്ലുര്‍ പാടത്തെ മുണ്ടകന്‍ കൃഷിക്കുള്ള ഒരുക്കങ്ങള്‍ വൈകിപ്പിക്കുന്നു. വെള്ളമില്ലാത്തതിനാല്‍ കാലംകഴിഞ്ഞിട്ടും നിലമൊരുക്കാന്‍പോലും കഴിയാതെ കഷ്ടപ്പെടുകയാണ് കര്‍ഷകര്‍.
കഴിഞ്ഞ വിരിപ്പ്കൃഷി ഉപേക്ഷിച്ചതുപോലെ ഇത്തവണത്തെ മുണ്ടകനും വേണ്ടെന്ന് വയ്‌ക്കേണ്ടിവരുമോ എന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു. കാലാവസ്ഥയനുസരിച്ചാണെങ്കില്‍ കഴിഞ്ഞ ആഗസ്ത് പകുതിയോടെ നിലമൊരുക്കല്‍ കഴിഞ്ഞ് പാടത്ത് വിത്തിടേണ്ടതായിരുന്നു. എങ്കിലേ പുഴയിലെ ഉപ്പുവെള്ളത്തെയും വരാനിരിക്കുന്ന കടുത്ത വേനലിനെയും അതിജീവിച്ച് മുണ്ടകന്‍കൃഷി വിജയത്തിലേക്കെത്തിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുകയുള്ളൂ. എന്നാല്‍ ഇത്തവണ പാടത്തേക്ക് വെള്ളമെത്തിക്കാന്‍പോലും കഴിഞ്ഞിട്ടില്ല.
പ്രധാന പ്രശ്‌നം ജലസേചന കനാലിലെല്ലാം കാടും മാലിന്യവും അടിഞ്ഞുകൂടിയിരിക്കുന്നതാണ്. അതുകൊണ്ട് പമ്പിങ് നടത്താന്‍ കഴിയുന്നില്ല.
കഴിഞ്ഞദിവസം വെള്ളമടിച്ചപ്പോള്‍ കനാലിലെ മാലിന്യംമൂലം വെള്ളം പുറത്തേക്കൊഴുകി വീടുകളില്‍ വെള്ളം കയറിയിരുന്നു. കനാലിലെ മാലിന്യം വര്‍ഷാവര്‍ഷം മൈനര്‍ ഇറിഗേഷനാണ് മാറ്റാറുള്ളത്. എന്നാല്‍ അടുത്തിടെയായി തൊഴിലുറപ്പ് പദ്ധതിപ്രകാരം പഞ്ചായത്താണ് ഇത് നടത്തുന്നത്. തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പിക്കാനായി പഞ്ചായത്ത് സ്വയം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ പദ്ധതിയുടെ മാനദണ്ഡമനുസരിച്ച് ഇപ്പോള്‍ ഇങ്ങനെയുള്ള ജോലികളൊന്നും ഏറ്റെടുക്കാന്‍ കഴിയില്ലെന്ന കാരണം നിരത്തി പഞ്ചായത്ത് പ്രശ്‌നത്തില്‍ ഇടപെടുന്നില്ല. ഈ ആവശ്യങ്ങള്‍ കാണിച്ച് ഒരുമാസം മുമ്പുതന്നെ പാടശേഖരസമിതി കരുമാല്ലൂര്‍ കൃഷി ഓഫീസര്‍ക്ക് കത്തു നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
കൂടാതെ കരുമാല്ലൂരിലുള്ള രണ്ട് പമ്പ്ഹൗസുകളിലേയും ഓരോ മോട്ടോര്‍വീതം തകരാറിലുമാണ്. ഇത് രണ്ടും പ്രവര്‍ത്തിച്ചില്ലെങ്കില്‍ വേനലില്‍ ഇവിടത്തെ മുഴുവന്‍ കൃഷിക്കും ആവശ്യമായത്ര വെള്ളം ലഭ്യമാക്കാന്‍ കഴിയില്ല. ഇപ്പോള്‍ നിലമൊരുക്കാന്‍ രണ്ടിലേയും പ്രവര്‍ത്തനക്ഷമമായിട്ടുള്ള മോട്ടോറുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും. അതിനായി കനാലിലെ കാടുകള്‍ വെട്ടിമാറ്റണം. പഞ്ചായത്തും ഇറിഗേഷനുമെല്ലാം കൈവിട്ടതോടെ കര്‍ഷകരും നാട്ടുകാരും ചേര്‍ന്ന് കനാല്‍ വൃത്തിയാക്കാന്‍ തുടങ്ങിയിരിക്കുകയാണ്. രണ്ടുദിവസത്തിനുള്ളില്‍ വെള്ളം പമ്പ്‌ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.


6


കരുമാല്ലൂര്‍ ഇറിഗേഷന്‍ കനാല്‍ കര്‍ഷകരും നാട്ടുകാരും ചേര്‍ന്ന് വൃത്തിയാക്കുന്നു

More Citizen News - Ernakulam